യുക്രെയിനിൽ റഷ്യൻ സേന പ്രവേശിച്ചാലും, ഇന്ത്യൻ പൗരന്മാർ സുരക്ഷിതരായിരിക്കും !

മേരിക്കൻ – റഷ്യൻ പ്രസിഡന്റുമാർ ഒരു മണിക്കൂറോളം ഫോണിൽ ചർച്ച നടത്തിയിട്ടും, പരിഹാരമില്ലാതെ, കൂടുതൽ വഷളായിരിക്കുകയാണ് യുക്രെൻ പ്രശ്നം. ഏ‌ത് നിമിഷവും  യുക്രെൻ ആക്രമിക്കപ്പെട്ടേക്കാമെന്ന് ആവർത്തിച്ച് രംഗത്തു വന്നിരിക്കുകയാണിപ്പോൾ അമേരിക്ക. വിമാനത്തിലൂടെ ബോംബ് വർഷിച്ചാകും ആക്രമണമെന്നും, വൈറ്റ്ഹൗസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ഫിബ്രുവരി 12 ന് 50 മിനിറ്റാണ് ഫോണിൽ സംസാരിച്ചിരുന്നത്. ഇതുകൊണ്ടൊന്നും ഒരു കാര്യവും ഇല്ലന്നു കൂടിയാണിപ്പോൾ വ്യക്തമായിരിക്കുന്നത്.

യുക്രെൻ അതിർത്തികളിൽ, രണ്ടു ലക്ഷത്തിലധികം സൈനികരെയാണ് റഷ്യ വിന്യസിച്ചിട്ടുള്ളത്. യുക്രെനിൽനിന്ന്‌ പ്രകോപനമുണ്ടായേക്കാമെന്നത് മുൻനിർത്തി, യുക്രെൻ തലസ്ഥാനമായ കീവിലെ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. കൂടുതൽ സൈനികരെയും നിരവധി ആധുനിക ആയുധങ്ങളും ഒരുക്കി നിർത്തിയാണ് റഷ്യ മുന്നോട്ട് പോകുന്നത്.

യുദ്ധ സാഹചര്യം മുൻ നിർത്തി, അമേരിക്കൻ പൗരൻമാരോട് എത്രയും പെട്ടെന്ന് യുക്രെൻ വിടാൻ ജോ ബൈഡൻ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. കീവിൽ പ്രവർത്തിക്കുന്ന കോൺസുലേറ്റിന്റെ പ്രവർത്തനം ഞായറാഴ്ചയോടെ നിർത്താനാണ് അമേരിക്കയുടെ തീരുമാനം. ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, ജർമനി, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളും, തങ്ങളുടെ പൗരൻമാരോട് യുക്രെൻ വിടാൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യൻ പൗരൻമാർ യുക്രെനിൽ ഉണ്ടായിട്ടും, അവരോട് രാജ്യം വിടാൻ ഇന്ത്യൻ ഭരണകൂടം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.

യുക്രെനിൽ റഷ്യൻ അധിനിവേഷം സംഭവിച്ചാലും, ഇന്ത്യൻ പൗരൻമാർക്ക് ഒന്നും സംഭവിക്കില്ലന്ന ഉറപ്പ് കേന്ദ്ര സർക്കാറിനുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഏറെ ആത്മബന്ധമുള്ള രാജ്യമാണ് റഷ്യ. ശത്രു രാജ്യമായ പാക്കിസ്ഥാനെ സഹായിക്കാൻ അമേരിക്കൻ നാവികസേന എത്തിയപ്പോൾ, അവരെ തുരത്തിയിരുന്നത് അന്നത്തെ സോവിയറ്റ് യൂണിയനായിരുന്നു. പാക്കിസ്ഥാനെ വിഭജിച്ച് ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ട ആ യുദ്ധത്തിൽ, റഷ്യ നൽകിയ പിന്തുണ, ഒരിക്കലും ഇന്ത്യയെ സംബന്ധിച്ച് മറക്കാൻ കഴിയാത്തതാണ്. പിന്നീട് സോവിയറ്റ് യൂണിയൻ എന്നത് റഷ്യ ആയി മാറിയപ്പോഴും, ഈ ബന്ധം ശക്തമായി തന്നെയാണ് തുടരുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ കുന്തമുന തന്നെ റഷ്യൻ ആയുധങ്ങളാണ്.

ഭരണകൂടങ്ങൾ മാറി മറിയുമ്പോഴും ഈ ബന്ധത്തിനു ഇതുവരെ ഒരു കോട്ടവും തട്ടിയിട്ടില്ല. പാക്ക് ചേരിയിലായിരുന്ന അമേരിക്ക കൂടുതൽ അടുപ്പം ഇന്ത്യയോട് കാണിച്ചിട്ടു പോലും, ഒരു എതിർപ്പും റഷ്യ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അമേരിക്കൻ ഉപരോധ ഭീഷണി വകവയ്ക്കാതെയാണ് റഷ്യയുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് ഇന്ത്യ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള വൻകിട രാജ്യങ്ങൾ ഒന്നും തന്നെ, റഷ്യ – അമേരിക്ക യുദ്ധം അനിവാര്യമായാൽ, അമേരിക്കയുടെ സഹായത്തിനു എത്തുകയില്ല. ഈ രണ്ടു രാജ്യങ്ങൾക്കും ഏറെ അടുപ്പം റഷ്യയുമായാണ് ഉള്ളത്. ഇന്ത്യക്കെതിരായ സൈനിക നീക്കങ്ങളിൽ നിന്നും ചൈനയെ പിറകോട്ടടിപ്പിക്കുന്നതും, ഇന്ത്യ – റഷ്യ ബന്ധം മുൻ നിർത്തികൂടിയാണ്. റഷ്യയെ പിണക്കി മുന്നോട്ട് പോകാൻ, ഒരിക്കലും ചൈനക്കു കഴിയുകയില്ല. അമേരിക്ക എന്ന വർഗ്ഗ ശത്രുവിനെതിരെ, റഷ്യക്കൊപ്പം നിൽക്കുക എന്നതു മാത്രമാണ്, ചൈനക്കു മുന്നിലുള്ള ഏക പോംവഴി.

ഇന്ത്യയാണ് ഇക്കാര്യത്തിൽ ധർമ്മസങ്കടത്തിലാകുന്നത്. റഷ്യയെ വിട്ടൊരു കളിക്കും ഇന്ത്യ തയ്യാറാകില്ല. അതു പോലെ തന്നെ അമേരിക്കയെ പിണക്കാനും താൽപ്പര്യമില്ലന്നതാണ് യാഥാർത്ഥ്യം. ഇന്ത്യയുടെ ഈ നിസഹായ അവസ്ഥ ഏറ്റവും നന്നായി അറിയാവുന്നതും റഷ്യക്കാണ്. സംഘർഷം ഒഴിവാക്കാൻ റഷ്യയുമായി സംസാരിക്കണമെന്ന, അമേരിക്കയുടെ നിർദ്ദേശത്തിനു മുന്നിൽ പോലും ഇന്ത്യ മുഖം തിരിച്ചിരിക്കുന്നതും ബോധപൂർവ്വമാണ്. കശ്മീർ വിഷയത്തിൽ, ഇന്ത്യൻ നിലപാടിനൊപ്പമാണ് എക്കാലത്തും റഷ്യ നിലയുറപ്പിച്ചിരുന്നത് എന്നതും ഈ ഘട്ടത്തിൽ നാം ഓർക്കണം.

അമേരിക്കയെ പോലെ അവസരവാദപരമായ നിലപാട് സ്വീകരിക്കുന്ന രാജ്യമല്ല റഷ്യ. അവർ ഒരു നിലപാട് എടുത്താൽ, അത് എടുത്തതു തന്നെയാണ്. ഉറച്ചു തന്നെ നിന്നിരിക്കും. ഇന്ത്യ – റഷ്യ ബന്ധത്തിലെ ഈ കെട്ടുറപ്പ് തന്നെയാണ്, യുക്രെൻ മണ്ണിൽ ഇപ്പോഴും തുടരാൻ , ഇന്ത്യൻ പൗരൻമാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമെന്നാണ്, നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

യുക്രെയ്‌നിനെ റഷ്യൻ ആക്രമണത്തിൽനിന്ന്‌ രക്ഷിക്കാനെന്ന ഭാവത്തിൽ, കിഴക്കൻ യൂറോപ്പിൽ യുദ്ധാന്തരീക്ഷം സൃഷ്ടിക്കാനാണ് അമേരിക്ക യഥാർത്ഥത്തിൽ ശ്രമിക്കുന്നത്. ചൈനയെ ലക്ഷ്യമിട്ട്‌ ഏഷ്യയിൽ യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നതിനു പുറമേയാണ്‌ , അമേരിക്ക മറ്റൊരു ഭൂമേഖലയിലും അശാന്തി പടർത്താൻ ശ്രമിക്കുന്നത്‌. മൂന്നു പതിറ്റാണ്ടോളം തങ്ങൾ നിലനിർത്തിപ്പോന്ന ഏക വൻശക്തിയെന്ന സ്ഥാനം നഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവും ലോക പൊലീസ്‌ ചമയുന്ന അമേരിക്കയുടെ ഇപ്പോഴത്തെ നീക്കങ്ങൾക്ക്‌ പിന്നിലുണ്ട്.
മറ്റൊന്ന്‌, ഇത്തരത്തിൽ യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ തങ്ങളുടെ ആയുധവ്യവസായത്തെ ഉത്തേജിപ്പിക്കാമെന്നും അമേരിക്ക കണക്കാക്കുന്നു.

തങ്ങളുടെ പരമ്പരാഗത സഖ്യശക്തികൾ പഴയതുപോലെ അമേരിക്കയെ വിശ്വസിക്കാത്തതും പുതിയ ശിങ്കിടികളെ കണ്ടെത്താൻ അമേരിക്കയെ പ്രേരിപ്പിക്കുന്നുണ്ട് എന്നു വേണം കരുതാൻ.

യൂറോപ്പിൽ റഷ്യ കഴിഞ്ഞാൽ, ഏറ്റവും വലിയ രാജ്യമാണ്‌ പഴയ സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന യുക്രെൻ. കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ്‌ വ്യവസ്ഥ അട്ടിമറിക്കപ്പെട്ടവേളയിൽ, അന്നത്തെ സോവിയറ്റ്‌ നേതൃത്വത്തിന്‌ അമേരിക്ക നൽകിയ ഉറപ്പുകൾക്ക്‌ വിരുദ്ധമായാണ്‌ പിന്നീട്‌ നാറ്റോയുടെ വ്യാപനമുണ്ടായിരുന്നത്. തീർത്തും അമേരിക്കൻ ചൊൽപ്പടിയിലായിരുന്ന ആദ്യ റഷ്യൻ പ്രസിഡന്റ്‌ ബോറിസ്‌ യെൽറ്റ്‌സിന്റെ ഭരണകാലത്ത്‌ ആ വാഗ്ദാനലംഘനം റഷ്യ വകവച്ചിരുന്നില്ലെങ്കിലും, പിൻഗാമിയായി വന്ന പുടിൻ, റഷ്യയിൽ ആധിപത്യം ഉറപ്പിച്ചതോടെ സ്ഥിതി ആകെ മാറി മറിയുകയാണ് ഉണ്ടായത്. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയാണ്‌ 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമെന്ന്‌ കൃത്യമായി മനസ്സിലാക്കുന്നയാളാണ്‌ പുടിൻ.

പാശ്ചാത്യ ചേരിയിൽ നിന്ന്‌, പ്രത്യേകിച്ച് അമേരിക്കയിൽനിന്ന്‌, റഷ്യ നേരിടുന്ന ഭീഷണിക്കെതിരെ ഉറപ്പുകൾ വേണമെന്ന്‌ 2007 മുതലെങ്കിലും, പുടിൻ ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാൽ, ഇതിനെ പുച്ഛിക്കുന്ന നിലപാടാണ്‌ പാശ്ചാത്യചേരിയുടെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടായിരുന്നത്‌. 2008ൽ ബുക്കാറെസ്റ്റിൽ ചേർന്ന നാറ്റോ ഉച്ചകോടി റഷ്യയുടെ ആശങ്കകൾ വകവയ്‌ക്കാതെയാണ്‌ അവരുടെ തൊട്ടയലത്തേക്ക്‌ അമേരിക്കൻ സൈനികസഖ്യത്തിന്റെ വ്യാപനത്തിന്‌ പദ്ധതി പ്രഖ്യാപിച്ചിരുന്നത്‌. യുക്രെനിനും ജോർജിയക്കും നാറ്റോ അംഗത്വം നൽകാനുള്ള നീക്കം പ്രഖ്യാപിച്ചതോടെയാണ്‌ റഷ്യ അതിനെതിരെ കടുത്ത നടപടികളിലേക്ക്‌ തിരിയാൻ നിർബന്ധിതമായിരുന്നത്.

2008ൽ, അന്നത്തെ ജോർജിയൻ പ്രസിഡന്റിന്റെ പ്രകോപനത്തിനു തിരിച്ചടിയായി തെക്കൻ ഒസ്സെറ്റിയയും അബ്‌ഖാസിയയും സ്വയംഭരണം പ്രഖ്യാപിച്ചപ്പോൾ, റഷ്യ പിന്തുണക്കുകയാണ് ഉണ്ടായത്. തുടർന്ന് 2014ൽ യുക്രെനിൽനിന്ന്‌ ക്രിമിയയും പിടിച്ചെടുത്ത്‌ റഷ്യയോടു ചേർക്കുകയും ചെയ്തു. ക്രിമിയയിൽ നടത്തിയ ഹിതപരിശോധനയിൽ 94 ശതമാനം ജനങ്ങളാണ്‌ അതിനെ ശരിവച്ചത്‌ എന്നതും നാം ഓർക്കണം. കിഴക്കൻ യുക്രെനിലെ ലുഹാൻസ്‌ക്‌, ഡോണെറ്റ്‌സ്‌ക്‌ പ്രവിശ്യകളിൽ ഏഴു വർഷമായി സൈന്യവും റഷ്യൻ അനുകൂലികളും തമ്മിൽ ആഭ്യന്തരയുദ്ധമാണ്‌ നടക്കുന്നത്. പതിനായിരത്തിലധികം ആളുകൾ ഇതിനകം തന്നെ കൊല്ലപ്പെട്ടിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ്‌, പുതിയ സ്ഥിതിയെയും നാം വിലയിരുത്തേണ്ടത്. യുക്രെനെ ആക്രമിക്കാനാണ് റഷ്യ അതിർത്തിയിൽ സെെന്യത്തെ വിന്യസിച്ചത് എന്നാണ്, അമേരിക്കൻ ചേരിയുടെ പ്രധാന ആരോപണം. ഇത് നിഷേധിച്ച റഷ്യ, മേഖലയിൽ സമാധാനത്തിന്‌ രണ്ടു നിർദേശങ്ങളടങ്ങിയ കരട്‌ കഴിഞ്ഞ ഡിസംബറിൽ അമേരിക്കക്കും നാറ്റോയ്‌ക്കും നൽകിയിരുന്നു. യൂറോപ്പിൽനിന്ന്‌ അമേരിക്കൻ ആണവായുധങ്ങൾ നീക്കുക, റഷ്യൻ ഭാഗത്തേക്ക്‌ നാറ്റോയെ വ്യാപിപ്പിക്കുന്നത്‌ നിരോധിക്കുക തുടങ്ങിയവ ആയിരുന്നു റഷ്യയുടെ ആവശ്യങ്ങൾ. എന്നാൽ ഈ നിർദേശങ്ങൾ തള്ളിക്കളയുന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചിരുന്നത്. ജനീവയിലും ബ്രസൽസിലും വിയന്നയിലുമായി വിവിധ തലത്തിൽ നടന്ന ചർച്ചകളിലും കാര്യമായ ഫലമുണ്ടായിരുന്നില്ല.

അതേസമയം, കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, അമേരിക്കയുടെ പരമ്പരാഗത സഖ്യകക്ഷികളിൽ ചിലർ, അമേരിക്കയുടെ ശാഠ്യങ്ങളോട്‌ യോജിക്കുന്നില്ല എന്നതും വ്യക്തമാണ്. യൂറോപ്പിൽ ഇനി അമേരിക്കൻ ആണവായുധങ്ങൾ സ്ഥാപിക്കണമെങ്കിൽ, നാറ്റോയിൽ പുതിയ അംഗങ്ങളെ ചേർത്താലേ അമേരിക്കക്ക് സാധിക്കുകയൊള്ളൂ എന്നാണ്, അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യുദ്ധാന്തരീക്ഷത്തിന്‌ ഗൗരവം നൽകാൻ, യുഎൻ രക്ഷാസമിതിയിൽ വിഷയം ചർച്ചചെയ്യുന്നതിന്‌ അനുമതി തേടിയ അമേരിക്കൻ പ്രമേയത്തെ 10 രാജ്യങ്ങളാണ് അംഗീകരിച്ചിരിക്കുന്നത്. റഷ്യക്കൊപ്പം ചൈനയും ശക്തമായാണ് എതിർത്തിരിക്കുന്നത്. ഇന്ത്യ അതിന്‌ തയ്യാറായില്ലെങ്കിലും, നിഷ്‌പക്ഷത പാലിച്ച്‌ വിട്ടുനിൽക്കുകയാണ് ഉണ്ടായത്.

“അമേരിക്കയുടെ മെഗാഫോൺ നയതന്ത്രത്തിന്റെ ഭാഗമായ പ്രചാരണത്തട്ടിപ്പ്‌ മാത്രമാണ്‌ ഈ വോട്ടെടുപ്പെന്നതാണ് ” റഷ്യ പ്രതികരിച്ചിരിക്കുന്നത്. ഊർജാവശ്യത്തിനടക്കം റഷ്യയെ ആശ്രയിക്കേണ്ട പല യൂറോപ്യൻ രാജ്യങ്ങളും നിലവിൽ നാറ്റോ വ്യാപനത്തോട്‌, വലിയ താൽപ്പര്യം കാണിക്കുന്നില്ല എന്നതും വസ്തുതയാണ്. ഈ ഘട്ടത്തിൽ റഷ്യയുമായി നേരിട്ടൊരു ഏറ്റുമുട്ടലിന്‌ അമേരിക്ക തയ്യാറാകില്ലെങ്കിലും, യുദ്ധപ്രതീതി നിലനിർത്തേണ്ടത്‌ അവരുടെ പരമ പ്രധാനമായ ആവശ്യമാണ്‌. റഷ്യയോട് മുട്ടിയാൽ ഫലം എന്തായിരിക്കും എന്നതിന് വ്യക്തമായ ബോധം നാറ്റോ രാജ്യങ്ങൾക്കുമുണ്ട്.

ഉത്തര കൊറിയയുടെ മിസൈലിനെ ഭയക്കുന്ന അമേരിക്ക, ലോകത്തെ തന്നെ നശിപ്പിക്കാൻ ശേഷിയുള്ള റഷ്യയെ ഭയക്കുക തന്നെ വേണം. അമേരിക്കൻ സമ്മർദ്ദതന്ത്രം യുദ്ധത്തിൽ കലാശിച്ചാൽ, അതൊരു ലോക മഹായുദ്ധമായി മാത്രമല്ല, ലോകാവസാനം കൂടിയായാണ് മാറുക.

Top