194-ൽ 120 കോളജ് യൂണിയനുകളിൽ വിജയിച്ചിട്ടും എസ്.എഫ്.ഐയെ തഴഞ്ഞ് മാധ്യമങ്ങൾ, അവർക്ക് ഹീറോ കെ.എസ്.യു സഖ്യം !

ടിനെ പട്ടിയാക്കുക പിന്നീട് ആ പട്ടിയെ തല്ലിക്കൊല്ലുക എന്നത് കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയക്കാര്‍ മാത്രമല്ല വലതുപക്ഷ മാധ്യമങ്ങളും പിന്തുടരുന്ന ഒരു രീതിയാണ്. ചുവപ്പിനെ ആക്രമിക്കാന്‍ കിട്ടുന്ന ഒരവസരവും ഇക്കൂട്ടര്‍ പാഴാക്കുകയില്ല. അഥവാ അങ്ങനെ ഒരവസരം കിട്ടിയില്ലങ്കില്‍ അവരായിട്ടു തന്നെ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോക്കെതിരെ , മഹാരാജാസ് കേന്ദ്രീകരിച്ച് നടന്ന തിരക്കഥയും ഇതിന്റെ ഭാഗമായിരുന്നു. യാഥാര്‍ത്ഥ്യം പുറത്തായപ്പോള്‍ പിന്നീട് കെ.എസ്.യു സംസ്ഥാന നേതാവും മാധ്യമ പ്രവര്‍ത്തകയും ഉള്‍പ്പെടെ ഗൂഢാലോചന കേസില്‍ പ്രതിയായതും രാഷ്ട്രീയ കേരളം കണ്ട കാഴ്ചയാണ്.

ഗൂഢാലോചനയുടെ ഉറവിടമായ മഹാരാജസില്‍ മുഴുവന്‍ സീറ്റുകളും നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നത്. മഹാരാജാസ് വിവാദത്തിനു ശേഷം വിവിധ സര്‍വ്വകലാശാലാകള്‍ക്കു കീഴിലെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളിലും എസ്.എഫ്.ഐയാണ് വമ്പന്‍ വിജയം നേടിയിരുന്നത്. കണ്ണൂര്‍ , എം.ജി, എഞ്ചിനിയറിംങ്ങ്., ഫിഷറിസ് , വെറ്റ്‌നറി, കേരള കലാമണ്ഡലം സര്‍വ്വകലാശാലകള്‍ക്ക് കീഴിലെ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയുടെ സമ്പൂര്‍ണ്ണ അധിപത്യമാണ് പ്രകടമായിരുന്നത്. ഈ വിജയമെല്ലാം കണ്ടില്ലന്നു നടിച്ച മാധ്യമങ്ങള്‍ കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളജുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഏതാനും കോളജുകളില്‍ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ വിജയിച്ചത് മഹാ സംഭവമാക്കിയാണ് ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നത്.

മാധ്യമങ്ങളുടെ വികാര തള്ളിച്ച കണ്ടാല്‍ കാലിക്കറ്റ് സര്‍വ്വകലാശാലക്കു കീഴില്‍ കെ.എസ്.യുവും എം.എസ്.എഫുമാണ് വിജയിച്ചതെന്നാണ് തോന്നിപ്പോവുക. ഇതിനെയാണ് സങ്കുചിത മാധ്യമ പ്രവര്‍ത്തനം എന്നു പറയുക. കോണ്‍ഗ്രസ്സ് നേതൃത്വത്തിനും ലീഗ് നേതൃത്വത്തിനും അവരുടെ പോഷക സംഘടനകള്‍ക്കുമെല്ലാം എന്തു അവകാശവാദവും മുന്നോട്ടു വയ്ക്കാം പ്രതിപക്ഷം എന്ന നിലയില്‍ അവരില്‍ നിന്നും സ്വാഭാവികമായും അത് പ്രതീക്ഷിക്കുന്നതുമാണ്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും നേതാക്കളുടെ വാദങ്ങളെ യാഥാര്‍ത്ഥ്യമാക്കി ചിത്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണത്തെ ആ രൂപത്തില്‍ തന്നെ തിരിച്ചറിയേണ്ടതുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാലക്കു കീഴിലെ കോളജു യൂണിയന്‍ തിരഞ്ഞെടുപ്പിലും ഏറ്റവും കൂടുതല്‍ കോളജ് യൂണിയനുകളില്‍ വിജയിച്ചിരിക്കുന്നത് എസ്.എഫ്.ഐയാണ്. തിരഞ്ഞെടുപ്പ് നടന്ന 194 കോളജുകളില്‍ 120 കോളജുകളിലും എസ്.എഫ്.ഐയാണ് വിജയിച്ചിരിക്കുന്നത്.

തൃശ്ശൂര്‍ ജില്ലയില്‍ 28ല്‍ 26 ഉം ,പാലക്കാട് ജില്ലയിലെ 31 ല്‍ 19 ഉം, കോഴിക്കോട് ജില്ലയിലെ 58 -ല്‍ 42 കോളജുകളിലും വിജയിച്ചത് എസ്.എഫ്.ഐയാണ്. മലപ്പുറത്ത് 59 ല്‍ 21 ഉം വയനാട്ടില്‍ 18 ല്‍ 12 കോളേജുകളിലും എസ് എഫ് ഐ യൂണിയനാണ് ഇനി ഭരിക്കുക. അതായത് മലപ്പുറം ഒഴികെ മറ്റൊരു ജില്ലയിലും യു.ഡി.എഫ് വിദ്യാര്‍ത്ഥി സംഘടനകള്‍ എസ്.എഫ്.ഐക്ക് മുന്നിലല്ല മലപ്പുറത്തു പോലും സകല മത സംഘടനകളെയും ഇടതുപക്ഷ വിരുദ്ധരെയും കൂട്ട് പിടിച്ചതു കൊണ്ടുമാത്രമാണ് പ്രതിപക്ഷത്തിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരിക്കുന്നത്. എസ്.എഫ് ഐ ഒറ്റയ്ക്കും മറ്റെല്ലാ വിദ്യാര്‍ത്ഥി സംഘടനകളും മറുവിഭാഗത്തും എന്ന രൂപത്തിലാണ് കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്കു കീഴില്‍ തിരഞ്ഞെടുപ്പു നടന്നിരിക്കുന്നത്.

പൊതു തിരഞ്ഞെടുപ്പ് മാതൃകയില്‍ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ കയറിയുള്ള പ്രചരണവും ഇത്തവണ യു.ഡി.എഫ് സംഘടനകള്‍ നടത്തിയിട്ടുണ്ട്. ഇത്രയൊക്കെ ചെയ്തിട്ടും എസ്.എഫ്.ഐ മുന്നേറ്റത്തെ ചെറുക്കാന്‍ പ്രതിപക്ഷ മഹാ സഖ്യത്തിനു സാധിച്ചിട്ടില്ലന്നത് കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും തന്നെ മനസ്സിലാകുന്ന കാര്യങ്ങളാണ്. അതേസമയം പാലക്കാട് ജില്ലയില്‍ ഉള്‍പ്പെടെ എസ്.എഫ്.ഐ വിജയിച്ചിരുന്ന ചില കാമ്പസുകളില്‍ പ്രതിപക്ഷ സംഘടനകള്‍ക്ക് ഇത്തവണ വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കെ.എസ്.യുവിനോടുള്ള സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയുടെ കരുതല്‍ പ്രത്യകം എടുത്തു പറയേണ്ടതു തന്നെയാണ്. സംസ്ഥാനത്തെ കോളജ് യൂണിയന്‍ തിരത്തെടുപ്പുകളെ വിലയിരുത്തുമ്പോള്‍ ഇത് പുതുമയുള്ള കാര്യമൊന്നുമല്ല. നഷ്ടപ്പെട്ട കാമ്പസുകള്‍ പിന്നീട് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വന്‍ ഭൂരിപക്ഷത്തിനു തിരിച്ചുപിടിച്ച ചരിത്രമാണ് എസ്.എഫ്.ഐക്കുള്ളത്. മാധ്യമങ്ങള്‍ക്ക് ഇതെല്ലാം വ്യക്തമായി അറിയാമായിരുന്നിട്ടും അന്ധമായ എസ്.എഫ്.ഐ വിരോധത്താല്‍ അതൊന്നും പരിഗണിക്കാതെ പ്രതിപക്ഷ സംഘടനകളുടെ ചെറിയ നേട്ടത്തെ പോലും പര്‍വ്വതീകരിക്കുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്.

എസ്.എഫ്.ഐ യുടെ മഹാവിജയത്തിനും മീതെയാണ് ചില കാമ്പസുകളിലെ യു.ഡി.എഫ് വിദ്യാര്‍ത്ഥി സംഘടനകളുടെ വിജയമെന്നാണ് കുത്തക മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഈ പ്രചരണത്തിനു ശക്തി പകരുന്നതിനായി തൃശൂര്‍ കേരളവര്‍മ്മ കോളജ് യൂണിയന്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പും മാധ്യമങ്ങള്‍ ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ചെയര്‍മാന്‍ സ്ഥാനത്ത് റീ കൗണ്ടിങ്ങിലൂടെ എസ്.എഫ്.ഐക്കാരന്‍ വിജയിച്ചതാണ് മാധ്യമങ്ങള്‍ക്ക് ദഹിക്കാതിരിക്കുന്നത്. കെ.എസ്.യുക്കാരന്‍ ഒരു വോട്ടിന് വിജയിച്ചെന്ന പ്രതിപക്ഷത്തിന്റെ പ്രഖ്യാപനത്തിനൊപ്പമാണ് മിക്ക മാധ്യമങ്ങളും നിലയുറപ്പിച്ചിരിക്കുന്നത്. എസ്.എഫ്.ഐയെ പ്രതിക്കൂട്ടിലാക്കി ചര്‍ച്ചകളും വ്യാപകമാണ്. കേരളവര്‍മ്മ കോളജിന്റെ 41-വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായി കെ.എസ്.യുക്കാരന്‍ ചെയര്‍മാനായി എന്നു പോസ്റ്റിട്ട് ആഘോഷിച്ച കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും റീ കൗണ്ടിങ്ങില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി 11 വോട്ടിന് വിജയിച്ചത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവരുടെ ആ പകയാണ് ഇപ്പോള്‍ സംഘടിതമായി പ്രകടമാക്കി കൊണ്ടിരിക്കുന്നത്.

എസ്.എഫ്.ഐ നേതാവ് എഴുതാത്ത പരീക്ഷയില്‍ അദ്ദേഹത്തെ വിജയിപ്പിച്ചെന്ന പ്രചരണം നടത്തിയവര്‍ സമാനമായ പ്രചരണം തന്നെയാണ് കേരളവര്‍മ്മ കോളജ് വിഷയത്തിലും ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. തോറ്റ കെ.എസ്.യു സ്ഥാനാര്‍ത്ഥി കാഴ്ച പരിമിതിയുള്ള വിദ്യാര്‍ത്ഥിയായതിനാല്‍ സഹതാപം സൃഷ്ടിച്ച് എസ്.എഫ്.ഐക്ക് വില്ലന്‍ പരിവേഷം നല്‍കാനാണ് ശ്രമം നടക്കുന്നത്. തീര്‍ച്ചയായും ഇത് പ്ര തിഷേധാര്‍ഹമായ കാര്യമാണ്. വീല്‍ചെയറില്‍ നിന്നും എണീക്കാന്‍ പോലും പറ്റാത്തവരെ ഉള്‍പ്പെടെ സ്വന്തം സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തി വിജയിപ്പിച്ച ചരിത്രമുള്ള സംഘടനയാണ് എസ്.എഫ്.ഐ. എല്ലാ കാലത്തും ഇത്തരം അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ അണിചേര്‍ന്നിരിക്കുന്നതും എസ്.എഫ്.ഐയില്‍ തന്നെയാണ്. ഇതൊന്നും കാണാതെ എസ്.എഫ്.ഐയെ വില്ലന്‍മാരായി ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ അതിനു ശ്രമിക്കുന്നവര്‍ക്ക് തന്നെ അധികം താമസിയാതെ തന്നെ പറഞ്ഞതു വിഴുങ്ങേണ്ടിയും വരും.

റീ കൗണ്ടിംങ്ങ് നടത്തുന്നത് എസ്.എഫ്.ഐ അല്ലന്നതും ഓര്‍ത്തു കൊള്ളണം. വോട്ടുകള്‍ ഇപ്പോഴും പെട്ടിയിലുണ്ട്. അത് കോടതി നിര്‍ദ്ദേശമുണ്ടെങ്കില്‍ എത്ര തവണ വേണമെങ്കിലും എണ്ണുകയും ചെയ്യാം. അപ്പോഴെങ്കിലും ഫലപ്രഖ്യാപനത്തെ അംഗീകരിക്കാന്‍ മാധ്യമങ്ങളും തയ്യാറാകണം. തൃശൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പു നടന്ന 28 – ല്‍ 26 കോളജുകളിലും എസ്.എഫ്.ഐ ആണ് വിജയിച്ചിരിക്കുന്നത്. കേരള വര്‍മ്മ കോളജില്‍ ഒരു സീറ്റു പോലും കെ.എസ്.യുവിനു ലഭിച്ചിട്ടുമില്ല. റീ കൗണ്ടിങ് എസ്.എഫ്.ഐ അട്ടിമറിച്ചു എന്നു പറയുന്നവര്‍ ഈ യാഥാര്‍ത്ഥ്യവും മനസ്സിലാക്കുന്നതു നല്ലതാണ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കിയെന്ന മാധ്യമ പ്രചരണത്തിന്റെ മുനകൂടിയാണ് ഇവിടെ ഒടിഞ്ഞിരിക്കുന്നത്. തൃശൂര്‍ ‘എടുക്കാന്‍ ‘ ഇറങ്ങിയ സുരേഷ് ഗോപിയുടെ കാവിക്കൂട്ടങ്ങള്‍ക്കും തൃശൂരിന്റെ ചുവപ്പ് മനസ്സില്‍ ഒരു ചലനവും സുഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലന്നതും കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നല്‍കുന്ന രാഷ്ട്രീയ സന്ദേശമാണ്.

Top