എംജി സര്‍വകലാശാലയുടെ മൂല്യനിര്‍ണയം അതാത് കോളേജ് അധ്യാപകന്‍ നടത്തണമെന്ന്

കോട്ടയം: എംജി സര്‍വകലാശാലയില്‍ പരീക്ഷകളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്ന രീതിയില്‍ മൂല്യനിര്‍ണയം നടത്താന്‍ നീക്കമെന്ന് ആരേപണം. രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ മൂല്യനിര്‍ണയം അതാത് കോളേജുകളിലെ അധ്യാപകര്‍ തന്നെ മൂല്യനിര്‍ണയം നടത്തണമെന്ന സര്‍വകലാശാല തീരുമാനമാണ് വിവാദത്തിലാകുന്നത്.

അതേസമയം, കൊവിഡ് പശ്ചാത്തലത്തിലാണ് മൂല്യനിര്‍ണയം അതാത് കോളേജുകളില്‍ തന്നെയാക്കിയതെന്നാണ് സര്‍വകലാശാല നല്‍കുന്ന വിശദീകരണം. മെയ് 26 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് വിവാദ തീരുമാനമെടുത്തത്. അടുത്തയാഴ്ച ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ അതാത് കോളേജുകളില്‍ സൂക്ഷിക്കും. ആ കോളേജിലെ ഒരു സീനിയലര്‍ അധ്യാപകനെ മുഖ്യ പരിശോധകനായി നിയമിച്ച് മറ്റ് അധ്യാപകരെ കൊണ്ട് മൂല്യ നിര്‍ണ്ണയം നടത്തും.

തുടര്‍ന്ന് മാര്‍ക്ക് ലിസ്റ്റുകള്‍ സര്‍വകലാശാലയ്ക്ക് അയച്ച് കൊടുക്കണം. ഇത് പൂര്‍ണ്ണമായും പരീക്ഷയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുകയും ഇഷ്ടക്കാര്‍ക്ക് മാര്‍ക്ക്ദാനം നല്‍കാനും ഇടയാക്കുമെന്നാണ് ആക്ഷേപം. സാധാരണ പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസുകള്‍ സര്‍വകലാശാലയില്‍ എത്തിക്കും. ഫാള്‍സ് നമ്പറിട്ട് സര്‍വകലാശാല വിവിധ കോളേജുകള്‍ക്ക് അത് നല്‍കും.

അതായത് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിയെ തിരിച്ചറിയാന്‍ മൂല്യ നിര്‍ണ്ണയം നടത്തുന്ന അധ്യാപകര്‍ക്കാകില്ല. യുജിസി മാനദണ്ഡത്തിനെതിരാണ് എംജി സര്‍വകലാശാലയുടെ പുതിയ നീക്കം. സ്വശ്രയ കോളേജുകളിലില്‍ ഉള്‍പ്പടെ പുതിയ രീതി വന്‍ ക്രമക്കേടിനും വഴിയൊരുക്കും. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ പരീക്ഷമൂല്യ നിര്‍ണ്ണയം നടത്തുന്നത്.

Top