പൂപ്പാറയില്‍ ഒഴിപ്പിക്കലുമായി റവന്യൂ വകുപ്പ്; പ്രതിഷേധവുമായി വ്യാപാരികള്‍

ഇടുക്കി: പൂപ്പാറയില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചു. ഒഴിപ്പിക്കല്‍ നടപടികള്‍ക്കിടെ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഒരാഴ്ച സാവകാശം വേണമെന്ന് ആവശ്യപ്പെട്ട വ്യാപാരികള്‍ ഇത് ലഭിച്ചില്ലെങ്കില്‍ സ്വയം കത്തിക്കുമെന്നും ഭീഷണി മുഴക്കി.ജീവിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ കട നടത്തുന്നത്. ഒരു കട സീല് ചെയ്താല്‍ കുടുംബങ്ങളുമായി ആത്മഹത്യ ചെയ്യുമെന്നും വ്യാപാരികള്‍ പറഞ്ഞു. പന്നിയാര്‍ പുഴയുടെ തീരത്തെ കയ്യേറ്റങ്ങളാണ് ഇപ്പോള്‍ ഒഴിപ്പിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍. വീടുകളും കടകളും ഉള്‍പ്പടെ 56 കെട്ടിടങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

റോഡ്, പുഴ, പുറം പോക്കുകള്‍ എന്നിവ കൈയ്യേറിയെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിലായിരുന്നു ഒഴിപ്പിക്കാനുള്ള ഉത്തരവുണ്ടായത്. ആറ് ആഴ്ച്ചയ്ക്കകം ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പന്നിയാര്‍ പുഴയും ധനുഷ്‌കൊടി-കൊച്ചി ദേശീയ പാതയും കയ്യേറി നിര്‍മ്മിച്ചെന്നാരോപിച്ചാണ് നടപടി.

കയ്യേറ്റ ഭുമിയില്‍ നില്‍ക്കുന്ന പല കെട്ടിടങ്ങളും പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ മറികടന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ വ്യാപാരികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഉത്തരവ് വാങ്ങിയിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും വ്യാപാരികള്‍ പ്രതികരിച്ചിരുന്നു. ഇത് അവഗണിച്ചാണ് റവന്യൂ അധികൃതര്‍ നടപടികളുമായി രംഗത്തെത്തിയത്. വന്‍ പൊലീസ് സന്നാഹവുമായാണ് അധികൃതര്‍ ഒഴിപ്പിക്കലിന് എത്തിയത്.

Top