വാഗമണ്ണില്‍ കയ്യേറ്റ ഭൂമി ഒഴിപ്പിക്കല്‍; റിസോര്‍ട്ട് ഉടമകളുടെ ഹര്‍ജി തള്ളി

kerala hc

ഇടുക്കി: വാഗമണ്ണില്‍ കയ്യേറ്റ ഭൂമി ഒഴിപ്പിക്കാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി. റിസോര്‍ട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. അതേസമയം ഒഴിപ്പിക്കല്‍ നടപടികള്‍ വരുന്ന ആഴ്ചയില്‍ തന്നെ ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വാഗമണ്‍ റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫന്‍ 55 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് കണ്ടെത്തിയതോടെയാണ് ഇതിലെ പട്ടയങ്ങളും തണ്ടപ്പേരുകളും റദ്ദാക്കി ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.

കയ്യേറിയ ഭൂമി ജോളി സ്റ്റീഫന്‍ പ്ലോട്ടുകളാക്കി മുറിച്ചുവിറ്റിരുന്നു. ഇവിടെ ധാരാളം റിസോര്‍ട്ടുകളും പൊന്തി. ഈ റിസോര്‍ട്ടുടമകളാണ് ജില്ലാ കളക്ടറുടെ ഒഴിപ്പിക്കല്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ എത്തിയത്. എന്നാല്‍ കളക്ടറുടെ നടപടി ശരിയെന്ന് ബോധ്യപ്പെട്ട കോടതി ഹര്‍ജി തള്ളി. നടപടിക്രമങ്ങള്‍ പാലിച്ചാണ് റവന്യൂവകുപ്പിന്റെ നീക്കമെന്നും കോടതി പറഞ്ഞു. കോടതിയില്‍ നിന്ന് കൂടി അനുകൂല ഉത്തരവ് ഉണ്ടായതോടെ ഒഴിപ്പിക്കല്‍ നടപടി ഉടന്‍ ഉണ്ടാവുമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.

കയ്യേറ്റഭൂമിയുടെ അതിര് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളാണ് ഒഴിപ്പിക്കല്‍ വൈകുന്നതിന് കാരണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 55 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ 200ലധികം റിസോര്‍ട്ടുകളാണുള്ളത്. ഒഴിപ്പിച്ചെടുക്കുന്ന റിസോര്‍ട്ടുകള്‍ കെടിഡിസിക്ക് നടത്തിപ്പിനായി നല്‍കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

 

Top