ബീജിംഗിലെ നിക്ഷേപം പിന്‍വലിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍

കാന്‍ബറ:  വന്‍ നിക്ഷേപം നടത്തി ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കിയ ബീജിംഗിന്‍റെ തന്ത്രങ്ങള്‍ക്കെതിരെ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. സാമ്പത്തിക തന്ത്രങ്ങളിലൂടെ രാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കാനുള്ള ചൈനീസ് തന്ത്രങ്ങള്‍ പൊളിച്ചുകൊണ്ട് ഓസ്ട്രേലിയയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ബീജിംഗിലെ നിക്ഷേപം പിന്‍വലിക്കാനൊരുങ്ങുന്നു.

സാമ്പത്തിക രംഗത്താണ് ആദ്യ നടപടി സ്വീകരിക്കുന്നത്. ചൈനീസ് കമ്പനികളിലോ ധനകാര്യസ്ഥാപനങ്ങളിലോ നടത്തിയ മുതല്‍ മുടക്ക് ഘട്ടം ഘട്ടമായി പിന്‍വലിക്കാനും പുതിയ നിക്ഷേപം നടത്താതിരിക്കാനുമാണ് ആലോചന. വന്‍ നിക്ഷേപം നടത്തുകയും ഒപ്പം നിരവധി കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയുമാണ് ചൈന വിദേശത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ചൈനയില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് ഇനി വിദേശരാജ്യങ്ങളില്‍ മുതല്‍ മുടക്കാന്‍ ബുദ്ധിമുട്ടേണ്ടിവരും. ഓസ്ട്രേലിയ ചൈനയുമായുള്ള ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്മാറിക്കൊണ്ടാണ് മറുപടി നല്‍കിയത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പുതിയ വീറ്റോ നയത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം എടുത്തതെന്ന് ഓസ്ട്രേലിയന്‍  പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ വ്യക്തമാക്കി. ഇതോടെ ചൈനയുമായുള്ള വ്യാവസായികം, ബയോടെക്നോളജി, കൃഷി എന്നീ മേഖലകളിലെ സഹകരണം ഇല്ലാതായിരിക്കുകയാണ്. ഡാര്‍വിന്‍ തുറമുഖത്തെ കയറ്റുമതി പങ്കാളിത്തവും റദ്ദാക്കുന്നതായി മോറിസണ്‍ പറഞ്ഞു.

 

 

Top