എതിര്‍പ്പുകള്‍ അസ്ഥാനത്ത്; യൂറോപ്യന്‍ നേതാക്കള്‍ കശ്മീരിലെത്തി, പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിനിധി സംഘം ജമ്മു കശ്മീരിലെത്തി.കശ്മീര്‍ പുനസംഘനയ്ക്കു ശേഷം ഇതാദ്യമായാണ് ഒരു വിദേശപ്രതിനിധി സംഘം ഇവിടെയെത്തുന്നത്. ജനപ്രതിനിധികളുമായും നാട്ടുകാരുമായും സംഘം കൂടിക്കാഴ്ച നടത്തും. 27 എം.പിമാരാണ് സംഘത്തിലുള്ളത്.

ഇന്ത്യന്‍ എംപിമാര്‍ക്ക് വിലക്കുള്ളപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ എം.പിമാര്‍ക്ക് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. അതുല്യമായ ദേശീയത എന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര പ്രതിഷേധസൂചകമായി ട്വിറ്ററില്‍ കുറിച്ചത്.ഇന്ത്യന്‍ പൗരന്മാരുടെ സന്ദര്‍ശന വിലക്ക് നീക്കണം എന്ന് സിപിഎമ്മുംസിപിഐയും ആവശ്യപ്പെട്ടു.ഇന്ത്യക്കാരെ തടഞ്ഞ് യൂറോപ്യന്‍ പ്രതിനിധികള്‍ക്ക് അനുമതി നല്‍കിയത് ഇന്ത്യന്‍ പാര്‍ലമെന്റിനോടുള്ള അനാദരവാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. .

കേന്ദ്രസര്‍ക്കാരിന്റെ നടപടി, ഇന്ത്യന്‍ പാര്‍ലമെന്റിനോടുള്ള മര്യാദകേടിന്റെ അങ്ങേയറ്റമാണെന്നും എം.പിമാരുടെ പ്രത്യേക അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍,ജയറാംരമേശ്, മനീഷ് തിവാരി, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹബൂബ മുഫ്തി എന്നിവരും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ കശ്മീര്‍ സന്ദര്‍ശനത്തെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.

അതേസമയം പ്രതിപക്ഷ വിമര്‍ശനം ക്രിയാത്മകമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു. ചിലര്‍ കാര്യങ്ങളെ നെഗറ്റീവായി കാണുകയാണെന്നാണ് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞത്. ജമ്മുകശ്മീരില്‍ മനുഷ്യാവകാശം ഹനിക്കുന്നുവെന്ന പാകിസ്ഥാന്റെയും രാജ്യാന്തര മാധ്യമങ്ങളുടെയും പ്രചാരണം ചെറുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.

പ്രധാനമന്ത്രിയാണ് പ്രതിനിധി സംഘത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചത്. പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്ന് ആഗോള സമൂഹത്തെ ബോധ്യപ്പെടുത്താനാണ് പ്രിതിനിധി സംഘത്തെ പ്രധാനമന്ത്രി ക്ഷണിച്ചത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നാണ് ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന, ഭരണഘടനയിലെ 370ാം അനുച്ഛേദം
കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. 370-ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് ഒരു രാജ്യാന്തര സംഘം കശ്മീര്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ മാസം യൂറോപ്യന്‍ പാര്‍ലമെന്റ് ജമ്മു കശ്മീരിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. കശ്മീരില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളെ പ്രശംസിക്കുന്നതിനോടൊപ്പം അവിടുത്തെ നിയന്ത്രണങ്ങളില്‍ പാര്‍ലമെന്റ് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

Top