ഇറ്റലിയിലും സ്‌പെയിനിലും കൂട്ട മരണങ്ങള്‍ തുടരുന്നു; ലോകത്താകെ മരിച്ചത് 29000 പേര്‍

റോം: കൊറോണയുടെ മരണക്കളിയില്‍ വിറങ്ങലിച്ച് ലോകം. ഇതുവരെയും ലോകത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി 29000 ത്തിലേറെ ആളുകളാണ് ഇതുവരെ മരിച്ചത്. യൂറോപ്പില്‍ മാത്രം 20,000 ലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തത്. ഇറ്റലിയിലും സ്‌പെയിനിലും കൂട്ട മരണങ്ങള്‍ തുടരുകയാണ്.

സ്പെയിനില്‍ 5800 ഉം ഇറ്റലിയില്‍ 9134 പേരും കൊവിഡ് ബാധിച്ച് മരിച്ചു. ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും രോഗം സ്ഥിരീകരിച്ചു. ഇവിടെ 1019 പേരാണ് മരിച്ചത്. പന്ത്രണ്ടു പേര്‍ മരിച്ച പാകിസ്ഥാനില്‍ രോഗികളുടെ എണ്ണം 1400 കടന്നു. അയര്‍ലന്‍ഡും വിയറ്റ്‌നാമും സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയില്‍ വിലക്ക് ലംഘിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് റബ്ബര്‍ബുള്ളറ്റ് പ്രയോഗിക്കേണ്ടി വന്നു.

ഒരു ലക്ഷത്തിലേറെ രോഗികളുള്ള അമേരിക്കയില്‍ മരണം 1700 കടന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തിര സാമ്പത്തിക പാക്കേജിന് ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പിട്ടതോടെ 2 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് നിലവില്‍ വന്നു. തൊഴിലില്ലായ്മ കുറയ്ക്കുക , പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കുക , ആരോഗ്യ മേഖല ശക്തമാക്കുക എന്നിവയാണ് പാക്കേജിന്റെ ലക്ഷ്യങ്ങള്‍. അഞ്ച് മിനിറ്റിനകം കോവിഡ് സ്ഥിരീകരിക്കാനാകുന്ന തരത്തില്‍ സ്വകാര്യ കമ്പനി വികസിപ്പിച്ച് പരിശോധനയ്ക്ക് അമേരിക്ക അനുമതി നല്‍കി.

Top