യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് വന്നാല്‍ വ്യാപാരത്തില്‍ ഇളവെന്ന്‌ മാക്രോണിന് ട്രംപിന്റെ ഓഫര്‍

വാഷിംങ്ടണ്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവരുന്ന പക്ഷം വ്യാപാരത്തില്‍ പ്രത്യേക ഇളവ് നല്‍കാമെന്ന് ഫ്രാന്‍സിന് ട്രംപിന്റെ ഓഫര്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ യു.എസ് സന്ദര്‍ശിക്കവേ വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് ട്രംപ് വാഗ്ദാനം മുന്നോട്ട് വച്ചതെന്ന് വാഷിംങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിങ്ങള്‍ക്ക് എന്തുകൊണ്ട് യൂറോപ്യന്‍ യൂണിയന്‍ വിട്ടുകൂടാ എന്ന് ട്രംപ് ചോദിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

അങ്ങിനെ ചെയ്യുകയാണെങ്കില്‍ ആകര്‍ഷകമായ ഇളവുകള്‍ നല്‍കാമെന്നും വ്യാപാരത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ചൈനയേക്കാള്‍ മോശമാണെന്നും ട്രംപ് പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏപ്രീല്‍ മാസത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് വൈറ്റ് ഹൗസ് സന്ദര്‍ശിച്ചിരുന്നത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള സ്റ്റീല്‍ അലുമിനീയം ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ചുമത്താനുള്ള ട്രംപിന്റെ ഉദ്യമത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറായ പശ്ചാത്തലത്തിലാണ് ഓഫര്‍ നല്‍കിയിരിക്കുന്നത്. അതേസമയം വാഷിംങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് വൈറ്റ് ഹൗസ് നിഷേധിച്ചു. എന്നാല്‍ കൂടുതല്‍ വിശദീകരിക്കാന്‍ അവര്‍ തയ്യാറായതുമില്ല.

Top