യാത്രാ മാനദണ്ഡം: വാക്സിൻ കാലാവധി 9 മാസമാക്കാൻ യൂറോപ്യൻ യൂണിയൻ

യാത്രക്കായി കോവിഡ് വാക്സിനുകളുടെ കാലാവധി ഒമ്പത് മാസമായി നിശ്ചയിക്കാന്‍ യൂറോപ്യന്‍ യൂണിയൻ ഒരുങ്ങുന്നു. യാത്രക്കായി എല്ലാ മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ ബൂസ്റ്ററുകള്‍ പരിഗണിക്കണമെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (ഇ.സി.ഡി.സി) നിര്‍ദേശിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.

പുതിയ ആഭ്യന്തര യൂറോപ്യന്‍ യൂനിയന്‍ യാത്രാ മാനദണ്ഡങ്ങള്‍ തയാറാക്കുമെന്ന് ഇ.യു ജസ്റ്റിസ് കമീഷണര്‍ ദിദിയര്‍ റെയ്ന്‍ഡേഴ്സ് പറഞ്ഞു. വ്യക്തികളുടെ വാക്സിനേഷന്‍, രോഗത്തില്‍നിന്ന് മുക്തി നേടിയതിന്റെ നില, യാത്ര ചെയ്യുന്ന രാജ്യങ്ങളിലെ കോവിഡ് കേസുകളുടെ നില എന്നിവ ഇതില്‍ ഉള്‍പ്പെടുത്തും.നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാധുതക്കായി സമയ പരിധി നിശ്ചയിക്കും. യൂറോപ്പിലേക്കുള്ള യാത്രക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ പ്രധാന കാര്യമാക്കുകയും ചെയ്യും.

അതേസമയം, ബൂസ്റ്റര്‍ ഷോട്ട് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമയപരിധി നിര്‍ദ്ദേശിക്കാന്‍ യൂറോപ്യന്‍ യൂണിയൻ ഇതുവരെ തയ്യാറായിട്ടില്ല. യൂറോപ്യന്‍ യൂണിയൻ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റിലെ മാനദണ്ഡങ്ങള്‍ അടുത്ത വേനല്‍ക്കാലത്തിനപ്പുറത്തേക്ക് നീട്ടാനും കമീഷന്‍ ആഗ്രഹിക്കുന്നു.

ആറിനും 17നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ വാക്സിനേഷന്‍ എടുത്തിട്ടില്ലെങ്കില്‍പ്പോലും, നെഗറ്റീവ് പി.സി.ആര്‍ ടെസ്റ്റുമായി യൂറോപ്യന്‍ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും. എന്നാല്‍, ഇവര്‍ക്ക് രാജ്യത്ത് എത്തിയശേഷം കോവിഡ് ടെസ്റ്റ്, ക്വാറന്റീന്‍ എന്നിവ വേണ്ടിവരും.

Top