ബ്രെക്സിറ്റ്: ബ്രിട്ടൻ-യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഇന്ന്

ബെല്‍ജിയം: ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ എതിർപ്പ് തുടരുന്നതിനിടെ കരാറിൽ അവസാനവട്ട ചർച്ചകൾക്കായുള്ള യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഞായറാഴ്ച നടക്കും.

ബെൽജിയത്തിലെ ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയിൽ യൂറോപ്യൻ യൂണിയൻ അംഗങ്ങളായ 27 രാജ്യങ്ങൾ പങ്കെടുക്കും. കരാറും രാഷ്ട്രീയ ഉടമ്പടിയും ഇന്ന് വോട്ടിനിട്ട് പാസ്സാക്കും. യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങള്‍ ഈ കരാര്‍ അംഗീകരിക്കേണ്ടതുണ്ട്.

കരാര്‍ സമ്മതിച്ചതിന് ശേഷം ബ്രിട്ടനുമായുള്ള ബന്ധം എങ്ങനെയാണെന്ന കരട് രാഷ്ട്രീയ ഉടമ്പടി യൂറോപ്യന്‍ യൂണിയനിലെ മറ്റ് അംഗരാജ്യങ്ങളുമായി പങ്ക് വച്ചതായി യൂറോപ്യന് കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് ശനിയാഴ്ച പറഞ്ഞിരുന്നു. യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മില്‍ ഒപ്പുവച്ച വിടുതല്‍ കരാര്‍, ബ്രെക്‌സിറ്റാനന്തര കരട് രാഷ്ട്രീയ ഉടമ്പടി എന്നിവയിലും വോട്ടെടുപ്പ് നടക്കും.

ജിബ്രാള്‍ട്ടര്‍ സംബന്ധിച്ച് സ്‌പെയിന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കു മറുപടി നല്‍കുന്ന ബ്രിട്ടന്റെ ഉറപ്പടങ്ങുന്ന കത്ത് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിലെ ബ്രിട്ടന്റെ അംബാസഡര്‍ ടിം ബാരോയാണ് ഇന്നലെ യൂറോപ്യന്‍ യൂണിയനു നല്‍കിയത്. യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം വേര്‍പെടുത്തണമെന്ന ബ്രിട്ടന്റെ തീരുമാനം നടപ്പില്‍ വരുത്തുന്നതു ചര്‍ച്ച ചെയ്യുന്ന ഇയു ഉച്ചകോടിയാണ് ഇന്നു നടക്കുക.

Top