ബ്രക്സിറ്റിന്റെ ഭാവി എന്ത്; തെരേസ മേയുടെയും? എല്ലാകണ്ണുകളും ബ്രിട്ടനിലേയ്ക്ക്‌. .

ബ്രിട്ടനില്‍ പ്രധാനമന്ത്രി തെരേസ മേ മുന്നോട്ട് വച്ച ബ്രക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതോടെ ബ്രക്‌സിറ്റിന്റെയും തെരേസ മേയുടെയും ഭാവി ഇനിയെന്ത് എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങുന്നത് സംബന്ധിച്ചതാണ് ബ്രക്‌സിറ്റ് കരാര്‍.

ബ്രക്സിറ്റില്‍ പാര്‍ലമെന്റില്‍ തിരിച്ചടി നേരിട്ട തെരേസ മേയ്‌ക്കെതിരായ അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പും നടക്കാനിരിക്കുന്നു. ബ്രക്‌സിറ്റ് സംബന്ധിച്ച് തെരേസ മേക്ക് മുന്നില്‍ ഇനി മൂന്നു വഴികളാണ് ഉള്ളത്.

കരാറുമായി മുന്നോട്ട് പോവുക എന്നതാണ് ഒന്നാമത്തെ വഴി. അവിശ്വാസപ്രമേയത്തില്‍ തെരേസ മേ വിജയിച്ചാല്‍ കരാര്‍ സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ നടത്താനും പുതിയ നിര്‍ദേശങ്ങള്‍ മുന്നില്‍ വയ്ക്കാനും ഭരണഘടനാപരമായി മൂന്നു ദിവസത്തെ സമയം മേക്ക് ലഭിക്കും. പ്ലാന്‍ ബി അവതരിപ്പിക്കുക എന്ന ഈ നടപടിക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

രണ്ടാമത്തേത് ഉപാധികളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ തയ്യാറാവുക എന്നതാണ്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മേ മുന്നോട്ട് വെച്ച കരാറിനെ എതിര്‍ത്ത് ഭൂരിപക്ഷവും വോട്ട് ചെയ്ത സ്ഥിതിക്ക് മറ്റ് പരിഹാരമൊന്നും തന്നെയില്ല. കരാറില്ലാതെ ബ്രക്സിറ്റ് നടപ്പിലാക്കണമെന്നാണ് മേയുടെ എതിരാളികള്‍ വാദിക്കുന്നതും.
മാര്‍ച്ച് 29നാണ് ബ്രിട്ടന്റെ ബ്രക്‌സിറ്റ് കാലാവധി അവസാനിക്കുന്നത്. മാര്‍ച്ച് 29 മുതല്‍ 2020 വരെ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായ യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരബന്ധം തുടരുന്ന വിധത്തിലുള്ളതായിരുന്നു മേയുടെ കരാര്‍.
theresa may
കരാറൊന്നുമില്ലാതെ ബ്രക്‌സിറ്റ് സംഭവിച്ചാല്‍ അത് സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങള്‍ വളരെ വലുതായിരിക്കും. വ്യാപാരവും നയതന്ത്രബന്ധവും ഉള്‍പ്പടെയുള്ള സകലതിലും അവ്യക്തതകള്‍ നിലനില്‍ക്കും.

ഒരിക്കല്‍ കൂടി ബ്രിട്ടന്‍ ഹിതപരിശോധനയ്ക്ക് തയ്യാറാവുകയെന്നതാണ് മൂന്നാമത്തെ ഉപാധി. വീണ്ടും ഹിതപരിശോധനയ്ക്ക് തയ്യാറാവുകയെന്നതില്‍ യാതൊരു നിയമപ്രശ്‌നവും നിലനില്‍ക്കുന്നില്ല .എന്നാല്‍ ഇത് ജനാധിപത്യപരമാണോ എന്ന ചോദ്യം പലഭാഗത്ത് നിന്നുമുയരുന്നുണ്ട്.

മറ്റൊരു ഹിതപരിശോധന വേണം എന്ന അഭിപ്രായം കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ പലയിടങ്ങളില്‍ നിന്നുയരുന്നുണ്ട്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ പിന്തുണക്കുന്നവരെ അത് പ്രകോപിച്ചേക്കാം. വീണ്ടുമൊരു ഹിതപരിശോധന നടത്തുന്നത് ബ്രിട്ടന്റെ രാഷ്ട്രീയസത്യസന്ധതയ്ക്ക് കോട്ടം വരുത്തുമെന്ന് മേയ് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. അതായത് മേക്ക് തീരെ താല്പര്യമില്ലാത്ത ഒന്നാണ് വീണ്ടുമൊരു ഹിതപരിശോധനയെന്ന് സാരം.

80 ശതമാനം ഫലസാധ്യതയെന്ന് വിലയിരുത്താവുന്ന രണ്ടാം ഹിതപരിശോധന ബ്രിട്ടന്റെ വിടവാങ്ങല്‍ കാലാവധി നീട്ടുന്നതിനുള്ള ആദ്യ ചുവട് കൂടിയാണ്.ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ട കാലാവധി അവസാനിക്കുന്നത് മാര്‍ച്ച് 29 നാണ്.

2017 മാര്‍ച്ച് 21 നായിരുന്നു തെരേസ മേ സര്‍ക്കാര്‍ ബ്രെക്സിറ്റ് കരാര്‍ നടപടികള്‍ തുടങ്ങിയത്. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി 19 മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് നവംബറില്‍ കരാര്‍ രൂപവല്‍ക്കരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനുള്ള വാതില്‍ തെരേസ മേക്ക് തുറന്നുകൊടുത്തത് ബ്രക്‌സിറ്റായിരുന്നു.അതേ ബ്രക്‌സിറ്റില്‍ കുടുങ്ങിത്തന്നെ ഇപ്പോള്‍ പുറത്തേക്ക് പോകാനുള്ള വഴിയും ഒരുങ്ങിയിരിക്കുന്നു.

political reporter

Top