പൗരത്വ നിയമത്തിന്റെ അലയൊലി യൂറോപ്യന്‍ പാര്‍ലമെന്റിലും, വോട്ടെടുപ്പ് നീട്ടി വെക്കും?

ന്യൂഡല്‍ഹി: ഇന്ത്യയെ അടിമുടി താളംതെറ്റിച്ച പൗരത്വ നിയമ ഭേദഗതിയുടെ അലയൊലി യൂറോപ്യന്‍ പാര്‍ലമെന്റിലും അടിക്കുന്നു. യൂറോപ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളില്‍ ഇന്ന് നടക്കാനിരുന്ന വോട്ടെടുപ്പ് നീട്ടിവെക്കാന്‍ തീരുമാനിച്ചതായി സൂചന. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നാണ് സര്‍ക്കിന്റെ വാദം. മാര്‍ച്ച് വരെ വോട്ടെടുപ്പ് മാറ്റിവെച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഒന്നാമത്തെ വലിയകക്ഷിയായ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി, രണ്ടാം കക്ഷി പ്രോഗ്രസീവ് അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് ആന്‍ഡ് ഡെമോക്രാറ്റ് സഖ്യം എന്നിവരാണ് തിങ്കളാഴ്ച പ്രമേയങ്ങള്‍ കൊണ്ടുവന്നത്. ഇതിനിടെ, ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ള യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് ഡേവിഡ് മരിയ സസ്സോളിക്ക് പ്രമേയങ്ങളുമായി ബന്ധപ്പെട്ട് കത്തയച്ചിരുന്നു.

അതേസമയം, മോദി സര്‍ക്കാരിനോട് നിയമത്തില്‍ നിന്ന് പിന്തിരിയണമെന്ന് പ്രമേയത്തില്‍ പറയുന്നു. പാര്‍ലമെന്റിലെ അന്താരാഷ്ട്ര ഉടമ്പടി ലംഘിക്കുന്നതും സാമൂഹികമായി വിവേചനമുണ്ടാക്കുന്നതുമായ നിയമമാണിത് എന്നാണ് പ്രധാന ആരോപണം. ജനങ്ങള്‍ക്കിടയില്‍ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താനും മുസ്ലിങ്ങള്‍ക്കെതിരേ വിവേചനവും അസഹിഷ്ണുതയും ഉണ്ടാക്കുന്ന നീക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ആവശ്യപ്പെടുന്നുണ്ട്.

മാത്രമല്ല അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനായുള്ള എന്‍.ആര്‍.സി. ലക്ഷക്കണക്കിനുപേരുടെ പൗരത്വം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന ആശങ്ക പ്രമേയത്തില്‍ ഉണ്ട്. അതിനിടെ, സി.എ.എ. നടപ്പാക്കുന്നതില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന മറ്റൊരു പ്രമേയവും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രമേയം ചര്‍ച്ചചെയ്യാനുള്ള യൂറോപ്യന്‍ പാര്‍ലമെന്റിന്റെ നീക്കത്തിനെതിരേ ഇന്ത്യയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഇന്ത്യയുടെ ആഭ്യന്തരവിഷയത്തില്‍ കൈകടത്തലാണെന്നാണ് ആരോപണം. അതിന് ബാഹ്യശക്തികള്‍ക്ക് അധികാരമില്ലെന്നും നേതാക്കള്‍ പറയുന്നു.

Top