അമേരിക്ക ഭയന്ന യുക്രൈനിലേക്ക് ജീവന്‍ പണയം വച്ച് ഒടുവില്‍ അവര്‍ !

കീവ്: തലങ്ങും വിലങ്ങും മൂളിപായുന്ന മിസൈലുകള്‍, എങ്ങും വെടിയൊച്ചകള്‍, സ്ഫോടനങ്ങളില്‍ തകരുന്ന കെട്ടിടങ്ങള്‍, നിലവിളികളും അപായ സൈറണുകളും.. കനത്ത പോരാട്ടമാണ് യുക്രൈന്‍ തലസ്ഥാനമായ കീവില്‍. ഇതിനിടയില്‍ ജീവന്‍ പണയം വെച്ച് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമര്‍ സെലന്‍സ്‌കിയെ കാണാനായി കീവിലെത്തിയിരിക്കുകയാണ്.

റഷ്യന്‍ ആക്രമണത്തില്‍ കീവ് നഗരം തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പിന്തുണയുമായി എത്തിയതാണ് പോളണ്ട്, സ്ലൊവാനിയ, ചെക്ക്റിപ്പബ്ലിക് എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാര്‍. ദീര്‍ഘവും അപകടകരവുമായ ട്രെയിന്‍ യാത്ര നടത്തി തങ്ങളെ ആശ്വസിപ്പിക്കാനെത്തിയ യൂറോപ്യന്‍ നേതാക്കളുടെ ധൈര്യത്തെ യുക്രൈന്‍ പ്രശംസിച്ചു. പോളണ്ടില്‍ നിന്ന് ട്രെയിന്‍ കയറിയാണ് മൂന്ന് യൂറോപ്യന്‍ പ്രധാനമന്ത്രിമാര്‍ യുക്രൈനിലെത്തിയത്. സെലന്‍സ്‌കിയുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ‘നിങ്ങളുടെ ധീരമായ പോരാട്ടത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഞങ്ങളുടെ കൂടെ ജീവന് വേണ്ടിയാണ് നിങ്ങള്‍ പോരാടുന്നതെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞങ്ങളുടെ രാജ്യങ്ങള്‍ നിങ്ങളുടെ പക്ഷത്തുണ്ട്’, ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പീറ്റര്‍ ഫിയാല പറഞ്ഞു.

റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രൈനില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ പശ്ചാത്യ നേതാക്കള്‍ കൂടിയാണിവര്‍. ധൈര്യം എന്താണെന്ന് യൂറോപ്പിനെ യുക്രൈന്‍ ഓര്‍മിപ്പിക്കുകയാണെന്ന് പോളണ്ട് പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവിക്കി പറഞ്ഞു. ‘അലസതയിലും ജീര്‍ണതയിലുമായ യൂറോപ്പ് വീണ്ടും ഉണര്‍ന്നു. യൂറോപ്പ് ഉയര്‍ത്തെഴുന്നേല്‍ക്കുകയും നിസ്സംഗതയുടെ മതില്‍ തകര്‍ത്ത് യുക്രൈന് പ്രതീക്ഷ നല്‍കേണ്ട സമയമാണിത്’, അദ്ദേഹം വ്യക്തമാക്കി. നിങ്ങളുടെ സന്ദര്‍ശനം യുക്രൈനുള്ള പിന്തുണയുടെ ശക്തമായ പ്രകടനമാണെന്ന് സെലന്‍സ്‌കി യൂറോപ്യന്‍ നേതാക്കളെ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് സെന്‍സ്‌കിയും യൂറോപ്യന്‍ പ്രധാനമന്ത്രിമാരും കീവില്‍ കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് വമ്പന്‍ സ്ഫോടനങ്ങളുടെ ശബ്ദം കേള്‍ക്കാമായിരുന്നു.

വിമാനങ്ങളില്‍ യാത്ര നടത്തുന്നത് കൂടുതല്‍ അപകടകരവും പ്രകോപനപരവുമാകുമെന്ന് മുന്നറിയിപ്പുള്ളതിനെ തുടര്‍ന്നാണ് നേതാക്കളുടെ യാത്ര ട്രെയിനിലാക്കിയത്. രാഷ്ട്രീയ തീരുമാനങ്ങളുടെ ഭാഗമായല്ല നേതാക്കളുടെ സന്ദര്‍ശനം. കഴിഞ്ഞ ആഴ്ച ഫ്രാന്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്റെ അനൗപചാരിക യോഗത്തില്‍ സന്ദര്‍ശനം സംബന്ധിച്ച നിര്‍ദേശം ഉയര്‍ന്നിരുന്നു. കീവില്‍ ചൊവ്വാഴ്ച റഷ്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. നഗരം അപകടകരവും പ്രയാസകരവുമായ നിമിഷങ്ങളെയാണ് അഭിമുഖീകരിക്കുന്നതെന്ന് കീവ് മേയര്‍ പറയുകയുണ്ടായി. ജനങ്ങളോട് വീടുകളില്‍ നിന്നും ഷെല്‍ട്ടറുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് കീവ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. മൂന്ന് യൂറോപ്യന്‍ പ്രധാനമന്ത്രിമാര്‍ക്കൊപ്പം കീവ് സന്ദര്‍ശനത്തില്‍ പോളണ്ടിലെ ഭരണകക്ഷി പാര്‍ട്ടി നേതാവായ ജറോസ്ലാവ് കാസിന്‍സ്‌കിയും പങ്കെടുക്കുന്നുണ്ട്. അന്തരിച്ച അദ്ദേഹത്തിന്റെ ഇരട്ട സഹോദരനും പോളണ്ട് മുന്‍ പ്രസിഡന്റുമായ ലെച്ച് കാസിന്‍സ്‌കിയും 2008-ല്‍ സമാനമായ സന്ദര്‍ശനം നടത്തിയിരുന്നു. റഷ്യ ജ്യോര്‍ജിയയില്‍ അധിനവേശം നടത്തിയപ്പോഴായിരുന്നു ആ സന്ദര്‍ശനം.

Top