യുക്രെന് ഐക്യദാർഢ്യവുമായി യൂറോപ്യൻ നേതാക്കൾ

കീവ് : യുക്രെയ്നിന് ഐക്യദാർഢ്യവുമായി യൂറോപ്യൻ രാഷ്ട്രത്തലവന്മാർ കീവിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇറ്റലി പ്രധാനമന്ത്രി മാരിയോ ദ്രാഗി എന്നിവരാണു പ്രത്യേക ട്രെയിനിൽ വ്യാഴാഴ്ച രാവിലെ ഒരുമിച്ചെത്തിയത്. അയൽ രാജ്യമായ റുമാനിയയുടെ പ്രസിഡന്റ് ക്ലോസ് ലൊഹാനി മറ്റൊരു ട്രെയിനിൽ എത്തി.

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ 2 മാസം മുൻപ് കീവ് സന്ദർശിച്ചിരുന്നു. ഫ്രാൻസ്, ഇറ്റലി, ജർമനി എന്നീ രാഷ്ട്രനേതാക്കൾ നേരത്തേ കീവ് സന്ദർശിക്കാതിരുന്നതു യുക്രെയ്നിൽ വിമർശനത്തിനു കാരണമായിരുന്നു. യൂറോപ്യൻ ശക്തികളുടെ പിന്തുണ ആത്മാർഥമല്ലെന്നായിരുന്നു ആക്ഷേപം.

അടുത്തയാഴ്ച ബ്രസൽസിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ഉച്ചകോടിയിൽ യുക്രെയ്നിന്റെ ഇയു അംഗത്വ പ്രഖ്യാപനം പ്രതീക്ഷിച്ചിരിക്കേയാണു നേതാക്കളുടെ സന്ദർശനം. 4 നേതാക്കളും റഷ്യൻ ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ വലിയ നാശം നേരിട്ട കീവിനു സമീപമുള്ള ഇർപിൻ നഗരം സന്ദർശിച്ചു. നേതാക്കൾ പിന്നീടു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി ചർച്ച നടത്തി.

Top