സ്വിഫ്റ്റില്‍ നിന്നും റഷ്യന്‍ ബാങ്കുകളെ പുറത്താക്കാന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ധാരണയായി

ന്യൂയോര്‍ക്ക്: രാജ്യാന്തര പേയ്‌മെന്റ് ശൃംഖലയായ സ്വിഫ്റ്റില്‍ നിന്നും റഷ്യയിലെ മുന്‍നിര ബാങ്കുകളെ പുറത്താക്കാന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ധാരണയായി. റഷ്യയിലെ ബാങ്കുകളുടേയും സാമ്പത്തിക സ്ഥാപനങ്ങളുടേയും വിദേശ സാമ്പത്തിക ഇടപാടുകള്‍ ഇതോടെ പൂര്‍ണ്ണമായും നിലക്കും.

റഷ്യക്കെതിരെ അമേരിക്കയും വിവിധ ലോകരാജ്യങ്ങളും പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധത്തില്‍ ഏറ്റവും പ്രഹരശേഷിയുള്ളതാണ് സ്വിഫ്റ്റിന്റെ വിലക്ക്. ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലെ ബാങ്കുകള്‍ തമ്മിലുള്ള രാജ്യാന്തര പേയ്‌മെന്റ് നെറ്റ് വര്‍ക്കാണ് സ്വിഫ്റ്റ്. മെസേജിംഗ് സംവിധാനത്തിലൂടെ ശതകോടി ഡോളറുകളുടെ ഇടപാടുകള്‍ ഇന്റര്‍നെറ്റ് വഴി അതിവേഗം നടത്താമെന്നാതാണ് സ്വിഫ്റ്റിന്റെ പ്രത്യേകത.

200 ലധികം രാജ്യങ്ങളിലെ 11000 ലധികം ബാങ്കുകള്‍ നിലവില്‍ സ്വിഫ്റ്റിന്റെ ഭാഗമാണ്. റഷ്യയിലെ പ്രധാന ബാങ്കുകളെ സ്വിഫ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നതോടെ റഷ്യയിലേക്കും തിരിച്ചും പണമയക്കുന്നത് പൂര്‍ണ്ണമായും മുടങ്ങും. റഷ്യന്‍ ബാങ്കുകളുടെ വിദേശ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കും.

റഷ്യന്‍ കയറ്റുമതി ഇറക്കുമതി മേഖലയിലെ പണമിടപാടുകള്‍ പൂര്‍ണ്ണമായും നിലക്കും. സാമ്പത്തികമായി റഷ്യയെ വരിഞ്ഞുമുറുക്കാന്‍ ഈ നീക്കത്തിലൂടെ കഴിയും. വിദേശത്തു നിന്നും റഷ്യയിലേക്കുള്ള സാമ്പത്തിക ഇടപാടുകളും ബുദ്ധിമുട്ടാകും. റഷ്യയിലെ 300 ലധികം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ് സ്വിഫ്റ്റിന്റെ ഭാഗമായുള്ളത്.

Top