യൂറോപ്പിലെ സ്ഥിതി അന്താരാഷ്ട്ര ക്രമത്തിന് വെല്ലുവിളി; ബിംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി

കൊളംബോ: യൂറോപ്പിലെ സമീപകാല സംഭവവികാസങ്ങള്‍ അന്താരാഷ്ട്ര ക്രമത്തിന് വെല്ലുവിളി ഉയര്‍ത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിംസ്റ്റെക് സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തന ബജറ്റ് വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യ ഒരു മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അഞ്ചാമത് ബിംസ്റ്റെക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖലാ തലത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കേണ്ടതുണ്ട്. ബിംസ്റ്റെക് രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം ശക്തിപ്പെടുത്തുമെന്ന് മോദി പറഞ്ഞു. ബിംസ്റ്റെക് രാജ്യങ്ങളുമായി കുറ്റകൃത്യ നിയന്ത്രണത്തിനായി ഉഭയകക്ഷി സമ്മതപ്രകാരം കരാര്‍ ഒപ്പുവയ്ക്കണം. നളന്ദ സര്‍വകലാശാലയുടെ ബിംസ്റ്റെക് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായും മോദി കൂട്ടിച്ചേര്‍ത്തു.

ഉച്ചകോടിയുടെ ഫലങ്ങള്‍ ബിംസ്റ്റെക്കിന്റെ ചരിത്രത്തില്‍ ഒരു സുവര്‍ണ അദ്ധ്യായമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലിനെ രാജ്യങ്ങള്‍ക്കിടയിലെ കണക്ടിവിറ്റിയുടെയും സുരക്ഷയുടെയും പുരോഗതിയുടെയും പാലമാക്കി മാറ്റണം. 1997 ല്‍ ബിംസ്റ്റെക് നേടിയെടുത്ത നേട്ടങ്ങള്‍ക്കായി രാജ്യങ്ങള്‍ നടത്തിയ ഇടപെടല്‍ വീണ്ടും ആവശ്യപ്പെടുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും പുറമെ ബംഗ്ലാദേശ്, മ്യാന്‍മര്‍, തായ്ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും ബിംസ്റ്റെക്കില്‍ ഉള്‍പ്പെടുന്നു.

 

Top