europa moon spewing water jets

വാഷിങ്ടണ്‍: സൗരയൂഥത്തില്‍ ഭൂമിക്ക് വെളിയില്‍ ജീവന് ഏറ്റവുമധികം സാധ്യത കല്പിക്കപ്പെടുന്ന വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ ദ്രാവകരൂപത്തില്‍ ജലമുള്ളതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി സ്ഥിരീകരിച്ചു.

ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍നിന്ന് ലഭിച്ച ചിത്രങ്ങള്‍ വിശകലനം ചെയ്താണ് നാസ ഗവേഷകര്‍ യൂറോപ്പയില്‍ ജലസാന്നിധ്യം കണ്ടെത്തിയത്.

യൂറോപ്പയുടെ ഉപരിതലത്തിലെ കട്ടികൂടിയ മഞ്ഞുപാളികള്‍ക്കടിയില്‍ ഒളിഞ്ഞിരിക്കുന്ന സമുദ്രത്തില്‍ നിന്ന് നീരാവി പുറത്തേക്ക് പ്രവഹിക്കുന്നതായാണ് വ്യക്തമായത്.

ജലബാഷ്പം ഉപരിതലത്തിലേക്ക് പ്രവഹിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍ ഭാവിയില്‍ യൂറോപ്പയിലേക്ക് നടക്കുന്ന പര്യവേക്ഷണങ്ങള്‍ക്ക് തുണയാവും.

ഇതുവരെ കരുതിയിരുന്നത് ജലസാന്നിധ്യം സ്ഥിരീകരിക്കാന്‍ ഉപഗ്രഹത്തിന്റെ കട്ടികൂടിയ മഞ്ഞുപാളി തുളച്ച് പരിശോധിക്കേണ്ടി വരുമെന്നാണ്.

സൗരയൂഥത്തില്‍ ഭൂമിക്ക് വെളിയില്‍ മറ്റെവിടെയും ഇതുവരെ ഒഴുകുന്ന ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ നാഴികക്കല്ലായി കണ്ടെത്തല്‍ വിലയിരുത്തപ്പെടുന്നു.

ഉപഗ്രഹത്തില്‍ സൂക്ഷ്മജീവികളുണ്ടാവാനുള്ള സാധ്യതയും നിലനില്‍ക്കുന്നതായി ഗവേഷകര്‍ കരുതുന്നു.

യൂറോപ്പയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് നാസ വെളിപ്പെടുത്തിയത്.

യൂറോപ്പയുടെ ഉപരിതലത്തിലുള്ള കട്ടികൂടിയ മഞ്ഞുപാളികള്‍ക്കടിയില്‍ സമുദ്രം ഒളിഞ്ഞിരിപ്പുണ്ടെന്ന് മുമ്പുതന്നെ ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യമാണ് സ്ഥിരീകരിക്കപ്പെട്ടത്.

Top