യൂറോപ്പ ലീഗ്; വെസ്റ്റ് ഹാമിന് വിജയം, ലെസ്റ്റര്‍ സിറ്റി സമനിലയില്‍

ലണ്ടന്‍: യൂറോപ്പ ലീഗിന്റെ പുതിയ സീസണിന് തുടക്കമായി. ആദ്യ ഘട്ട ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ വെസ്റ്റ് ഹാമിന് വിജയം. എന്നാല്‍ ഇംഗ്ലീഷ് വമ്പന്മാരായ ലെസ്റ്റര്‍ സിറ്റി സമനിലയില്‍ കുരുങ്ങി. ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ഹാം യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ക്രൊയേഷ്യന്‍ ക്ലബ്ബ് ഡൈനാമോ സാഗ്രെബിനെ കീഴടക്കി. 21-ാം മിനിട്ടില്‍ മിഖായില്‍ ആന്റോണിയോയും 50-ാം മിനിട്ടില്‍ സൂപ്പര്‍ താരം ഡെക്ലാന്‍ റൈസും വെസ്റ്റ് ഹാമിനായി ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ ഗ്രൂപ്പ് എച്ചില്‍ വെസ്റ്റ് ഹാം ഒന്നാം സ്ഥാനത്തെത്തി.

കരുത്തരായ ലെസ്റ്ററിനെ ഇറ്റാലിയന്‍ വമ്പന്മാരായ നാപ്പോളിയാണ് സമനിലയില്‍ തളച്ചത്. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. മത്സരത്തില്‍ ലെസ്റ്ററിനേക്കാളും ആധിപത്യം പുലര്‍ത്തിയത് നാപ്പോളിയാണ്. രണ്ട് ഗോളിന് പിന്നിട്ട ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയാണ് നാപ്പോളി സമനില നേടിയത്.

ഒന്‍പതാം മിനിട്ടില്‍ തന്നെ ഗോള്‍ നേടിക്കൊണ്ട് അയോസെ പെരെസ് ലെസ്റ്ററിന് ലീഡ് സമ്മാനിച്ചു. ആദ്യ പകുതിയില്‍ ടീം ആ ലീഡ് നിലനിര്‍ത്തി. രണ്ടാം പകുതിയില്‍ 64-ാം മിനിട്ടില്‍ ഹാര്‍വി ബാണ്‍സ് കൂടി ലക്ഷ്യം കണ്ടതോടെ ലെസ്റ്റര്‍ 2-0 ത്തിന് ലീഡെടുത്ത് വിജയം ഏകദേശം ഉറപ്പിച്ചു. പിന്നീടാണ് കളി മാറിയത്.

നാപ്പോളിയുടെ മുന്നേറ്റതാരം വിക്ടര്‍ ഒസിംഹെന്‍ 69-ാം മിനിട്ടിലും 87-ാം മിനിട്ടിലും ഗോള്‍ നേടിക്കൊണ്ട് ടീമിന് സമനില സമ്മാനിച്ചു. ഇരട്ട ഗോളുകളുമായി തിളങ്ങിയ വിക്ടറാണ് ലെസ്റ്ററില്‍ നിന്ന് മത്സരം തട്ടിയെടുത്തത്. മറ്റ് പ്രധാന മത്സരങ്ങളില്‍ റയല്‍ സോസിഡാഡും പി.എസ്.വിയും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോ എതിരില്ലാത്ത ഒരു ഗോളിന് എസ്.കെ സ്റ്റം ഗ്രാസിനെ തോല്‍പ്പിച്ചു.

സ്പാനിഷ് വമ്പന്മാരായ റയല്‍ ബെറ്റിസ് മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് സെല്‍റ്റിക്കിനെ കീഴടക്കി. ജര്‍മന്‍ ടീമായ ബയേണ്‍ ലെവര്‍കൂസനും വിജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ഫെറെന്‍സ്വാരോസിനെയാണ് ടീം കീഴടക്കിയത്. ഒളിമ്പിക്ക് ലിയോണ്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റേഞ്ചേഴ്‌സിനെയും തകര്‍ത്തു.

Top