യൂറോപ്പ ലീഗ്; കാലിടറി യുനൈറ്റഡ്, സെവിയ്യ ഫൈനലില്‍

കൊളോണ്‍: യൂറോപ്പിലെ രണ്ടാം നിര ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പായ യൂറോപ്പ ലീഗില്‍ യുനൈറ്റഡിന് സെമി ഫൈനലില്‍ തിരിച്ചടി. മുന്‍ ചാമ്പ്യന്മാരും സ്പാനിഷ് ടീമുമായ സെവിയ്യയാണ് യുനൈറ്റഡിനെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു സെവിയ്യയുടെ വിജയം. ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷമായിരുന്നു അവരുടെ ഫൈനല്‍ പ്രവേശനം.

ഒമ്പതാം മിനിറ്റില്‍ തന്നെ ബ്രൂണോ ഫെര്‍ണ്ടസിന്റെ പെനല്‍റ്റി ഗോളില്‍ യുനൈറ്റഡ് മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇരുപകുതികളിലുമായി സൂസോ (26ാം മിനിറ്റ്), ലൂക്ക് ഡി യോങ് (78) എന്നിവരുടെ ഗോളുകളില്‍ സെവിയ്യ ജയിച്ചു കയറുകയായിരുന്നു.

ഒമ്പതാം മിനിറ്റില്‍ മാര്‍ക്കസ് റഷ്ഫോര്‍ഡിനെ ബോക്സിനകത്ത് വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു റഫറി യുനൈറ്റഡിന് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ പെനല്‍റ്റി വലയില്‍ തുളഞ്ഞു കയറിയപ്പോള്‍ ഗോളി ബോണോയ്ക്കു തൊടാന്‍ പോലുമായില്ല. 26ാം മിനിറ്റില്‍ സൂസോയുടെ ഗോള്‍ സെവിയ്യയെ ഒപ്പമെത്തിച്ചു. ഇടതു വിങില്‍ നിന്നും സെര്‍ജിയോ റെഗ്യുലിന്‍ ബോക്സിനു കുറുകെ നീട്ടി നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യാതെ പ്രതിരോധനിര കാഴ്ചക്കാരായി നിന്നപ്പോള്‍ വലതു പോസ്റ്ററിന് അടുത്തു നിന്ന സൂസോ പന്ത് വലയ്ക്കുള്ളിലേക്ക് അടിച്ചുകയറ്റി.

Top