യൂറോ കപ്പ്; ഇന്ന് ഇംഗ്ലണ്ട്-ഡെന്‍മാര്‍ക്ക് പോരാട്ടം

വെംബ്ലി: യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിയുടെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. വെംബ്ലിയില്‍ ഇംഗ്ലണ്ട് രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന സെമിയില്‍ ഡെന്‍മാര്‍ക്കിനെ നേരിടും. ടൂര്‍ണമെന്റ് ഫേവറിറ്റുകള്‍ എന്ന വിശേഷണം ശരിവച്ചാണ് ഇരുവരെ ഇംഗ്ലണ്ടിന്റെ മുന്നേറ്റം. അതേസമയം സര്‍പ്രൈസ് പാക്കേജുമായാണ് ഡെന്‍മാര്‍ക്ക് അമ്പരപ്പിക്കുന്നത്. സെമിയില്‍ ഉക്രെയ്നെ നാല് ഗോളിന് തകര്‍ത്ത ഇംഗ്ലണ്ട് ഇതുവരെ ഒറ്റ ഗോള്‍ വഴങ്ങിയിട്ടില്ല. നായകന്‍ ഹാരി കെയ്നെ മുന്നില്‍ നിര്‍ത്തിയുള്ള 4-2-3-1 ഫോര്‍മേഷനില്‍ തന്നെയാവും കോച്ച് ഗാരെത് സൗത്‌ഗേറ്റ് ഇംഗ്ലണ്ടിനെ അണിനിരത്തുക.

ക്രിസ്റ്റ്യന്‍ എറിക്‌സന്‍ മരണം മുന്നില്‍ കണ്ടപ്പോള്‍ വിറങ്ങലിച്ചുപോയ ഡെന്‍മാര്‍ക്ക് പിന്നീടങ്ങോട്ട് കളിയും തന്ത്രങ്ങളും മാറ്റുകയായിരുന്നു. അഞ്ച് കളിയില്‍ 11 ഗോള്‍ നേടി. ക്വാര്‍ട്ടറില്‍ ചെക് റിപ്പബ്ലിന് ചെക്ക് വച്ചാണ് ഡാനിഷ് മുന്നേറ്റം. ഇംഗ്ലീഷ് ഫുട്‌ബോളിന്റെ തറവാടായ വെംബ്ലിയില്‍ ഹാരി കെയ്നെയും സംഘത്തേയും തോല്‍പിക്കുക അത്ര എളുപ്പമല്ലെന്ന യാഥാര്‍ഥ്യം ഡാനിഷ് കോച്ച് കാസ്പര്‍ യൂള്‍മണ്ടിന് നന്നായറിയാം.

ഇംഗ്ലണ്ടും ഡെന്‍മാര്‍ക്കും നേര്‍ക്കുനേര്‍ വരുന്ന ഇരുപത്തിരണ്ടാം മത്സരമാണിത്. ഇംഗ്ലണ്ട് 12 കളിയിലും ഡെന്‍മാര്‍ക്ക് നാല് കളിയിലും ജയിച്ചു. അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. കഴിഞ്ഞ വര്‍ഷം യുവേഫ നേഷന്‍സ് ലീഗിലാണ് ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഡെന്‍മാര്‍ക്ക് ഒരു ഗോളിന് ഇംഗ്ലണ്ടിനെ തോല്‍പിച്ചിരുന്നു.

 

Top