യൂറോ കപ്പ്; ആദ്യ മത്സരം ഫിന്‍ലന്‍ഡും റഷ്യയും തമ്മില്‍

സെന്റ് പീറ്റേഴ്‌സ്‌ബർഗ്: യൂറോ കപ്പില്‍ ഇന്നത്തെ ആദ്യ മത്സരം ഗ്രൂപ്പ് ബിയില്‍ ഫിന്‍ലന്‍ഡും റഷ്യയും തമ്മില്‍. ജയിച്ചാല്‍ ഫിന്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കും. വൈകിട്ട് 6.30നാണ് ഫിന്‍ലന്‍ഡ് റഷ്യ മത്സരം.

രണ്ടാം മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ തുര്‍ക്കി വെയ്ല്‍സിനെ നേരിടും. രാത്രി 9.30നാണ് തുര്‍ക്കിയും വെയ്ല്‍സും മുഖാമുഖം വരിക. സംഭവ ബഹുലമായ ഒന്നാം ദിവസമായിരുന്നു നവാഗതരായ ഫിന്‍ലന്‍ഡിന് യൂറോ കപ്പിലേത്. ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സന്റെ വീഴ്ചയും കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളും. ഒടുവില്‍ പോജാന്‍പാലോയുടെ ഹെഡറിലൂടെ അവിസ്മരണീയമായ ആദ്യ ജയം.

സന്തോഷം ഇരട്ടിയാക്കാനാണ് സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ഫിന്‍ലന്‍ഡ് ഇന്നിറങ്ങുന്നത്. റഷ്യക്കെതിരെ ജയിച്ചാല്‍ അരങ്ങേറ്റ യൂറോയില്‍ അവര്‍ രണ്ടാം റൗണ്ടുറപ്പിക്കും. ഡെന്‍മാര്‍ക്കിനെതിരെ പുറത്തെടുത്ത മികവ് ആവര്‍ത്തിക്കാനാവും ശ്രമം. ജയിച്ചെങ്കിലും മുന്‍നിര പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്നാണ് കോച്ച് കനേര്‍വയുടെ വിലയിരുത്തല്‍.

മറുവശത്ത് ബെല്‍ജിയത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞാണ് റഷ്യയുടെ വരവ്. ബെല്‍ജിയത്തിന്റെ പ്രത്യാക്രമണങ്ങളിലാണ് റഷ്യക്ക് പിഴച്ചത്. ഫിന്‍ലന്‍ഡ് അതേ അടവെടുക്കുന്നവര്‍. പ്രതിരോധം തന്നെയാവും ചെര്‍ച്ചെസോവിന്റെ സംഘത്തിന് വെല്ലുവിളി. നേര്‍ക്കുനേര്‍ പോരില്‍ റഷ്യക്ക് മേധാവിത്വമുണ്ട്. പതിനെട്ട് കളികളില്‍ ഒരു തവണ മാത്രമേ അവര്‍ ഫിന്‍ലന്‍ഡിനോട് തോറ്റിട്ടുളളൂ. അതും 1912ലെ ഒളിംപിക്സില്‍.

Top