യൂറോ കപ്പ്; ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം

ലണ്ടന്‍: യൂറോ കപ്പ് സെമിയിലെ സൂപ്പര്‍ പോരാട്ടത്തില്‍ സ്‌പെയിന്‍ ഇന്ന് ഇറ്റലിയെ നേരിടും. രാത്രി 12.30നാണ് മത്സരം. ഈ യൂറോയില്‍ ഏറ്റവുമധികം ഗോളടിച്ചു കൂട്ടിയ ടീമുകളിലൊന്നായ സ്‌പെയിനും ഏറ്റവും കുറവ് ഗോളുകള്‍ വഴങ്ങിയ ടീമുകളിലൊന്നായ ഇറ്റലിയും നേര്‍ക്കു നേര്‍ വരുമ്പോള്‍ വെംബ്ലിയില്‍ ആരാധകര്‍ കാത്തിരിക്കുന്നത് പൊടിപാറും പോരാട്ടത്തിനായാണ്.

90 മിനിറ്റ് കളിയില്‍ ഏത് സമയത്തും എന്ത് മാറ്റവും വരുത്താനുള്ള പ്രതിഭാ സമ്പത്തുണ്ട് ഇറ്റാലിയന്‍ നിരയില്‍. മുന്നേറ്റത്തില്‍ ഇമ്മൊബെലെയും ഇന്‍സീന്യേയും സൂപ്പര്‍ ഫോമിലാണ്‌.

മധ്യനിരയുടെ എഞ്ചിനായിരുന്ന ലിയനാര്‍ഡോ സ്പിനസോളയുടെ പരിക്ക് മാത്രമാണ് ഇറ്റലിക്ക് തലവേദന സമ്മാനിക്കുന്ന ഒരേയൊരു കാര്യം. ലിയനാര്‍ഡോ സ്പിനസോളയ്ക്ക് പകരം ഇന്ന് എമേഴ്‌സണ്‍ ടീമിലെത്തിയേക്കും. ഈ യൂറോയില്‍ രണ്ട് കളിയില്‍ അഞ്ച് ഗോള്‍ വീതമടിച്ച സ്‌പെയിന്‍ നിരയിലും മാറ്റങ്ങളുണ്ടാകും.

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ പരിക്കേറ്റ സറാബിയ ഇന്ന് കളിക്കില്ല. ഡാനി ഒല്‍മോയാകും പകരക്കാരന്‍. ക്ലബ്ബ് ഫുട്‌ബോളിലെ സൂപ്പര്‍ പരിശീലകരായ മാഞ്ചിനിയുടെയും എന്റിക്കെയുടെയും തന്ത്രങ്ങളുടെ മാറ്റുരയ്ക്കല്‍ കൂടിയാകും വെംബ്ലിയില്‍. കഴിഞ്ഞ 32 കളികളില്‍ തോല്‍വിയറിയാതെയാണ് ഇറ്റലി മുന്നേറുന്നത്. തുടരെ 13 കളികളില്‍ ജയം മാത്രം. അസൂറിപ്പടയെ തടയാനാകുമോ സ്‌പെയിനിനെന്ന് കണ്ടറിയാം.

ആകെ 33 കളികളില്‍ സ്‌പെയിനും ഇറ്റലിയും ഇതിന് മുന്‍പ് ഏറ്റുമുട്ടിയിട്ടുണ്ട്. നേരിയ മുന്‍തൂക്കം സ്‌പെയിനിന് അവകാശപ്പെടാം. സ്‌പെയിന്‍ 12 കളികള്‍ ജയിച്ചപ്പോള്‍ ഇറ്റലി 9 കളിയില്‍ ജയിച്ചു. 12 കളികള്‍ സമനിലയില്‍ അവസാനിച്ചു.

 

Top