യൂറോ കപ്പ് യോഗ്യതാ റൗണ്ട്: എംബാപ്പെ നയിക്കുന്ന ഫ്രാന്‍സ് ഇന്ന് നെതർലൻഡ്‌സിനെ നേരിടും

പാരിസ്: ഫിഫ ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാൻസ് ഇന്ന് യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ നെതർലൻഡ്‌സിനെ നേരിടും. അർജന്റീനയോട് തോറ്റ് ലോക കിരീടം നിലനിർത്താനുള്ള അവസരം കൈവിട്ട ഫ്രാൻസ് തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ബെൽജിയത്തിന് സ്വീഡനാണ് ഇന്ന് എതിരാളികൾ. ഇന്ത്യന്‍ സമയം രാത്രി ഒന്നേകാലിനാണ് മത്സരങ്ങൾ തുടങ്ങുക. ഫ്രാന്‍സ്-നെതര്‍ലന്‍ഡ്‌സ് മത്സരം സോണി സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയും സോണി ലൈവിലൂടെയും ആരാധകര്‍ക്ക് കാണാം.

യുവേഫ നേഷൻസ് ലീഗിലെ ദയനീയ പ്രകടനം യൂറോ കപ്പിലൂടെ മറികടക്കുകയാണ് ദിദിയർ ദെഷാമിന്റെയും സംഘത്തിന്റേയും ലക്ഷ്യം. 2000ന് ശേഷം യൂറോ കപ്പ് കിട്ടിയിട്ടില്ലെന്ന നിരാശയും മാറ്റണം ഫ്രാൻസിന്. യുവ താരം കിലിയൻ എംബാപ്പെ നായകനായി അരങ്ങേറുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ടീമിലെ പടലപ്പിണക്കങ്ങൾ പരിഹരിക്കുന്നതിനൊപ്പം യുവതാരങ്ങളുടെ പ്രകടനവും ഫ്രാൻസിന് നിർണായകം. ഹ്യൂഗോ ലോറിസ് കളംവിട്ടതോടെ ഗോൾവല കാക്കാനുള്ള ചുമതല എസി മിലാൻ ഗോൾകീപ്പർ മൈക്ക് മൈഗ്നാനിലേക്കെത്തും. വിരമിച്ച കരീം ബെൻസെമ, റാഫേൽ വരാൻ എന്നിവരുടെ കുറവും പരിഹരിക്കണം.

എതിരാളികളായ നെതർലൻഡ്‌സ് പുതിയ പരിശീലകൻ റൊണാൾഡ് കൂമാന് കീഴിലാണ് ഇറങ്ങുന്നത്. ലോകകപ്പിൽ അർജന്റീനയോട് തോറ്റാണ് നെതർലൻഡ്‌സും പുറത്തായത്. പരിക്കാണ് ടീമിന്റെ ആശങ്ക. ഫ്രെങ്കി ഡിയോങ്, ബെർഗ്‍വിൻ എന്നിവർ ഇന്ന് കളിക്കില്ല. പരിക്ക് മാറി വൈനാൽഡം തിരിച്ചെത്തുന്നത് ടീമിന് കരുത്താകും. സ്വന്തം മണ്ണിലാണ് മത്സരമെന്നത് ഫ്രാൻസിന് കരുത്ത് കൂട്ടും. ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരെ നിർണയിക്കുന്നതിലും മത്സരം നിർണായകമാണ്.

സുവർണതലമുറയെന്ന വിശേഷണം അഴിച്ചുവച്ച ബെൽജിയവും പുതിയ മുഖവുമായാണ് സ്വീഡനെ നേരിടാനിറങ്ങുന്നത്. വിരമിച്ച ഏദൻ ഹസാ‍ർഡിന് പകരം കെവിന്‍ ഡിബ്രുയിൻ ആംബാൻഡ് അണിയും. ഡഗൗട്ടിൽ 37കാരൻ പരിശീലകൻ ഡൊമിനികോ ടെഡെസ്കോ കളി പഠിപ്പിക്കും. സ്വീഡിഷ് വെറ്ററെൻ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് അവസരം കിട്ടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 41-ാം വയസിലാണ് എസി മിലാൻ താരം വീണ്ടും ടീമിലെത്തുന്നത്. യൂറോ യോഗ്യതാ റൗണ്ടിലെ മറ്റൊരു മത്സരത്തില്‍ റോബർട്ട് ലെവൻഡോവ്സ്‌കിയുടെ പോളണ്ടിന് ചെക്ക് റിപ്പബ്ലിക്കാണ് എതിരാളികൾ.

Top