യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍; ഇന്ന് വെയ്ല്‍സ്- ഡെന്‍മാര്‍ക്ക് മത്സരത്തോടെ തുടക്കം

ആംസ്റ്റര്‍ഡാം: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് വെയ്ല്‍സ്- ഡെന്‍മാര്‍ക്ക് മത്സരത്തോടെ തുടക്കം. രാത്രി 9.30നാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ജയവുമായാണ് ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങളില്‍ തോറ്റിട്ടും അവസാന പതിനാറിലെത്തിയ ടീമാണ് ഡെന്‍മാര്‍ക്ക്. അവസാന മത്സരത്തില്‍ റഷ്യയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഡെന്‍മാര്‍ക്ക് തകര്‍ത്തത് ഡെന്‍മാര്‍ക്കിന് തുണയായി. ഗ്രൂപ്പ് എയില്‍ ഒരോ ജയവും സമനിലയും നേടിയാണ് വെയ്ല്‍സ് എത്തുന്നത്.

സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ എറിക്സന് പകരംവയ്ക്കാന്‍ ആളില്ല ഡെന്‍മാര്‍ക്കിന്. ജീവന്‍മരണ പോരാട്ടത്തില്‍ കോച്ച് കാസ്പറിനെ ആശങ്കയിലാക്കുന്നതും ഇത് തന്നെ. അവസാനമത്സരത്തില്‍ റഷ്യയെ തകര്‍ത്ത പോരാട്ട വീര്യം ആരാധകരെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു. റഷ്യയെ തകര്‍ത്ത ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. അവസാന മത്സരത്തില്‍ ഇറ്റലിയോട് തോറ്റെങ്കിലും സാഹചര്യത്തിനൊത്ത് ഉയരാന്‍ തന്റെ നിരയ്ക്കാകുമെന്നാണ് വെയില്‍സ് കോച്ച് റോബ് പേജ് കരുതുന്നത്.

നായകന്‍ ഗാരത് ബെയിലിന്റെ ചുമലില്‍ പ്രതീക്ഷകളുടെ അമിതഭാരമുണ്ട്. അവസാന മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ ഏദന്‍ അംപാഡു ടീമിലുണ്ടാവില്ല. ടീമില്‍ കാര്യമായ അഴിച്ചുപണിക്ക് സാധ്യത. 4-5-1 എന്ന രീതിയില്‍ ശക്തമായ പ്രതിരോധനിരയുമായാകും വെയില്‍സിറങ്ങുക. കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളെങ്കിലും ഡെന്‍മാര്‍ക്കിനെതിരെ കണക്കില്‍ ആധിപത്യമില്ല വെയില്‍സിന്. നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ കഴിഞ്ഞ 10 കളികളില്‍ ആറിലും ജയം ഡെന്‍മാര്‍ക്കിനൊപ്പമായിരുന്നു. 4 തവണ വെയില്‍സും വിജയമറിഞ്ഞു.

 

Top