യൂറോ കപ്പ്; യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു

യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു. പരിശീലകന്‍ ദിദിയര്‍ ദെഷാമാണ് ടീം അംഗങ്ങള്‍ ആരൊക്കയെന്ന് ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ വര്‍ഷം അവസാന ഘട്ടത്തില്‍ നടന്ന മത്സരങ്ങള്‍ നഷ്ടമായ പല സൂപ്പര്‍ താരങ്ങളും ദേശീയ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മാര്‍ച്ച് 22ന് മോള്‍ഡോവയുമായും 25ന് ഐസ്‌ലന്‍ഡുമായാണ് ഫ്രാന്‍സിന്റെ മത്സരങ്ങള്‍

കഴിഞ്ഞ വര്‍ഷം നടന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന പ്രതിരോധതാരം സാമുവല്‍ ഉംറ്റിറ്റി, വിങ്ങര്‍ കിങ്സ്ലി കോമാന്‍, മധ്യനിര താരം പോള്‍ പോഗ്ബ, ആന്റണി മാര്‍ഷ്യല്‍ തുടങ്ങിയവരാണ് ടീമിലേക്ക് തിരിച്ചെത്തിയത്. ഇതില്‍ മാര്‍ഷ്യലിനും പോഗ്ബയ്ക്കും നെതര്‍ലന്‍ഡിനെതിരായ യുവേഫ നേഷന്‍സ് ലീഗ് പോരാട്ടം നഷ്ടമായിരുന്നു. എന്നാല്‍ ഉംറ്റിറ്റിക്ക് ലോകകപ്പിന് ശേഷം നടന്ന പല മത്സരങ്ങളിലും കളിക്കാനായിരുന്നില്ല. നിരന്തരം പരിക്ക് വലയ്ക്കുന്ന കോമാനാകട്ടെ 2017 നവംബറിന് ശേഷമാദ്യമായാണ് ദേശീയ ടീമിലെത്തുന്നത്.

ഒളിവര്‍ ജിറൂഡ്, അന്റോയിന്‍ ഗ്രീസ്‌മെന്‍, കെയ്‌ലിന്‍ എംബാപെ, എന്‍ഗോളോ കാന്റെ, റാഫേല്‍ വരാന്‍, ബെഞ്ചമിന്‍ പാവാര്‍ഡ്,നബീല്‍ ഫെക്കീര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളൊക്കെ ടീമിലുണ്ട്. അതേസമയം തന്നെ പരിക്കേറ്റ ഓസ്മന്‍ ഡെംബേലെ, പ്രതിരോധതാരങ്ങളായ ബെഞ്ചമിന്‍ മെന്‍ഡി ലൂക്കാസ് ഹെര്‍ണാണ്ടസ് തുടങ്ങിയവര്‍ ടീമിന് പുറത്തായി

Top