യൂറോ കപ്പ്; പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇംഗ്ലണ്ട് ഇന്നിറങ്ങും

വെംബ്ലി: യൂറോ കപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇംഗ്ലണ്ട് ഇന്നിറങ്ങും. രാത്രി പന്ത്രണ്ടരക്ക് തുടങ്ങുന്ന കളിയില്‍ സ്‌കോട്‌ലന്‍ഡാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയെ തകര്‍ത്ത ആവേശത്തിലാണ് ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് സ്‌കോട്‌ലന്‍ഡിനെതിരെ ഇറങ്ങുന്നത്.

യൂറോയില്‍ ആദ്യ കളിയൊന്നും ജയിച്ചിട്ടില്ലെന്ന നാണക്കേട് മായ്ച്ച് ക്രൊയേഷ്യയെ മറികടന്നെത്തുകയാണ് ഗാരത് സൗത്ഗേറ്റിന്റെഇംഗ്ലണ്ട്. മാന്ത്രികം എന്നാണ് ക്രൊയേഷ്യക്കെതിരായ ഇംഗ്ലീഷ് ജയത്തെ അവിടുത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. സ്വന്തം വെംബ്ലി സ്റ്റേഡിയത്തില്‍ അതിന്റെ തുടര്‍ച്ച ഫുട്‌ബോളിലെ പഴയ ശത്രുക്കളായ സ്‌കോട്ലന്‍ഡിനെതിരെ ഇംഗ്ലണ്ട് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

ഫേവറിറ്റുകള്‍ തന്നെയെന്ന് വിളിച്ചുപറഞ്ഞാണ് റഹിം സ്റ്റെര്‍ലിംഗും മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ഹാരി കെയ്‌നുമെല്ലാം കളംനിറഞ്ഞത്. ക്രൊയേഷ്യന്‍ മുന്നേറ്റത്തെ പിടിച്ചുകെട്ടി പ്രതിരോധനിരയും മികച്ചുനിന്നു. അവസരങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാനാവും ഇംഗ്ലണ്ട് മുന്നേറ്റനിരയുടെ ശ്രമം.

മറുവശത്ത് പീറ്റര്‍ ഷീക്കിന്റെ അപാരഗോളില്‍ വിറങ്ങലിച്ചാണ് സ്‌കോട്ലന്‍ഡ് വെംബ്ലിയിലെത്തുന്നത്. തോറ്റാല്‍ ഈ യൂറോ കപ്പിലും അവര്‍ ആദ്യ റൗണ്ടില്‍ മടങ്ങും. 19-ാം നൂറ്റാണ്ട് മുതലുളള നേര്‍ക്കുനേര്‍ പോരില്‍ ഇംഗ്ലണ്ടിനെതിരെ 41 ജയം സ്‌കോട്ലന്‍ഡിന് സ്വന്തമായുണ്ട്. 44 കളികളില്‍ തോല്‍വി രുചിച്ചു.

അവസാനം യൂറോ കപ്പില്‍ ഇരുടീമുകളും ഏറ്റുമുട്ടിയത് 25 വര്‍ഷം മുന്‍പാണ്. അന്ന് രണ്ട് ഗോളിന് ഇംഗ്ലണ്ട് ജയിച്ചു. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ വെംബ്ലിയിലെ ഫുട്‌ബോള്‍ റഫറണ്ടം സ്‌കോട്ലന്‍ഡിന് എതിരാകാനാണ്സാധ്യത.

 

Top