യൂറോ കപ്പ്; ഡെന്‍മാര്‍ക്ക്-ചെക്, ഉക്രൈന്‍-ഇംഗ്ലണ്ട് പോരാട്ടങ്ങള്‍ ഇന്ന്

ബാകു: യൂറോ കപ്പിലെ ഇന്നത്തെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡെന്‍മാര്‍ക്ക്, ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. രാത്രി ഒന്‍പതരയ്ക്കാണ് കളി തുടങ്ങുക. പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ ഹോളണ്ടിനെ അട്ടിമറിച്ചാണ് ചെക്ക് റിപ്പബ്ലിക്ക് എത്തുന്നത്. ഡെന്‍മാര്‍ക്ക് എതിരില്ലാത്ത നാല് ഗോളിന് വെയില്‍സിനെ തകര്‍ത്തും വരുന്നു. യൂറോ കപ്പില്‍ മൂന്നാം തവണയാണ് ഇരു ടീമും ഏറ്റുമുട്ടുന്നത്. രണ്ടുതവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ചെക് റിപ്പബ്ലിക്കിനായിരുന്നു ജയം.

യൂറോ കപ്പില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഇംഗ്ലണ്ടും ഇന്നിറങ്ങും. രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന കളിയില്‍ ഉക്രൈനാണ് എതിരാളികള്‍. ജര്‍മനിയോട് പതിറ്റാണ്ടുകളായുള്ള പകവീട്ടിയ ത്രീ ലയണ്‍സ് വെംബ്ലിയിലെ കിരീടധാരണത്തില്‍ കുറഞ്ഞതൊന്നും സ്വപ്നം കാണുന്നില്ല. മൂന്ന് ജയമപ്പുറം ഗാരെത് സൗത്‌ഗേറ്റും സംഘവും യൂറോപ്യന്‍ കിരീടം സ്വപ്നം കാണുന്നു. മേസണ്‍ മൗണ്ടും ബെന്‍ ചില്‍വെല്ലും സെല്‍ഫ് ഐസൊലേഷന്‍ കഴിഞ്ഞെത്തുന്നതോടെ ഇംഗ്ലീഷ് നിര പൂര്‍ണ സജ്ജം. നായകന്‍ ഹാരി കെയ്ന്‍ ഗോള്‍വരള്‍ച്ചയ്ക്ക് അന്ത്യം കുറിച്ചതും പ്രതീക്ഷ കൂടുന്നു.

അതേസമയം മിന്നല്‍ വേഗത്തില്‍ ആക്രമണം അഴിച്ചുവിടുന്ന ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുക ഉക്രൈന് എളുപ്പമാവില്ല. സ്വീഡനെ വീഴ്ത്തിയെത്തുന്ന ഉക്രൈന് മുന്‍നിര താരങ്ങളുടെ പരിക്ക് തിരിച്ചടിയാണ്. ആന്ദ്രേ ഷെവ്‌ചെങ്കോ പരിശീലിപ്പിക്കുന്ന ഉക്രൈന്‍ ക്വാര്‍ട്ടര്‍ ഫൈനലിന് ആദ്യമായാണ് ഇറങ്ങുന്നത് എന്നത് സവിശേഷതയാണ്. ഇരു ടീമും നേര്‍ക്കുനേര്‍ വരുന്ന എട്ടാം മത്സരമാണിത്. നാല് കളിയില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ ഉക്രൈന്‍ ജയിച്ചത് ഒറ്റക്കളിയില്‍ മാത്രം. രണ്ട് മത്സരം സമനിലയില്‍ അവസാനിച്ചു.

 

Top