യൂറോ 2020 യോഗ്യത മത്സരം; ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ജയം

ലണ്ടന്‍: യൂറോ 2020 യോഗ്യതാ റൗണ്ടില്‍ ഫ്രാന്‍സിനും പോര്‍ച്ചുഗലിനും തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അല്‍ബേനിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ സെര്‍ബിയയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

കിങ്സ്ലി കോമന്റെ ഇരട്ടഗോളിന്റെ ബലത്തിലാണ് ഫ്രാന്‍സ് അല്‍ബേനിയയെ ഒന്നിനെതിരേ നാലു ഗോളിന് തകര്‍ത്തത്. 8, 68 മിനിറ്റുകളിലായിരുന്നു കോമന്റെ ഗോളുകള്‍. 27-ാം മിനിറ്റില്‍ ജിറൗഡും 85-ാം മിനിറ്റില്‍ ജൊനാഥന്‍ ഇക്കോണെയുമാണ് ഫ്രാന്‍സിന്റെ ഗോളുകള്‍ നേടിയത്. 90-ാം മിനിറ്റില്‍ സൊകോള്‍ സിക്കലേഷിയാണ് പെനാല്‍റ്റിയിലൂടെ അല്‍ബേനിയയുടെ ആശ്വാസഗോള്‍ നേടിയത്. അഞ്ച് കളികളില്‍ നിന്ന് പന്ത്രണ്ട് പോയിന്റുള്ള ഫ്രാന്‍സ് ഗ്രൂപ്പ് എച്ചില്‍ ഒന്നാമതാണ്. അഞ്ച് കളികളില്‍ നിന്ന് ആറു പോയിന്റുള്ള അല്‍ബേനിയ നാലാമതും.

സെര്‍ബിയയെ രണ്ടിനെതിരേ നാലു ഗോളിന് തോല്‍പിച്ച പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാമതെത്തി. വില്ല്യം കര്‍വാലോ, ഗോണ്‍സാലോ ഗ്യൂഡാസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബെര്‍ണാഡോ സില്‍വ എന്നിവരാണ് പോര്‍ച്ചുഗലിനുവേണ്ടി ലക്ഷ്യം കണ്ടത്. സെര്‍ബിയക്കുവേണ്ടി മിലെന്‍കോവിച്ചും മിത്രോവിച്ചും ഗോള്‍ നേടി. മൂന്ന് കളികളില്‍ നിന്ന് അഞ്ച് പോയിന്റാണ് പോര്‍ച്ചുഗലിനുള്ളത്.

അതേസമയം ഇന്നലെ കഴിഞ്ഞ ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ട് സെര്‍ബിയയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. ഈ ജയത്തോടെ മൂന്ന് കളികളില്‍ നിന്ന് ഒന്‍പത് പോയിന്റോടെ ഗ്രൂപ്പ് എയില്‍ മുന്നിട്ടുനില്‍ക്കുകയാണ് ഇംഗ്ലണ്ട്. അഞ്ച് കളികളില്‍ നിന്ന് രണ്ട് പോയിന്റുള്ള ബള്‍ഗേറിയ ഗ്രൂപ്പില്‍ ഏറ്റവും അവസാനക്കാരാണ്.

Top