വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങില്‍ ലത്തീന്‍ സഭ പങ്കെടുക്കില്ല; ഫാ. യൂജിന്‍ പെരേര

തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങില്‍ ലത്തീന്‍ സഭ പങ്കെടുക്കില്ലെന്ന് ഫാ. യൂജിന്‍ പെരേര. സഭക്ക് സര്‍ക്കാരുമായി ഒരു ഭിന്നതയുമില്ലെന്നും പക്ഷെ അണമുട്ടിയാല്‍ പാമ്പും കടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ്. പരിപാടിയോട് സഹകരിക്കാനുള്ള തീരുമാനത്തില്‍ വിഴിഞ്ഞം ഇടവക ആത്മ പരിശോധന നടത്തണം. ക്രെയ്ന്‍ വരുന്നതിന് എന്തിനാണ് ഈ മാമാങ്കം. ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചതായി അറിയില്ലെന്നും യൂജിന്‍ പെരേര വ്യക്തമാക്കി.

സമരം അവസാനിപ്പിച്ച സമയത്തെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും അതിനാലാണ് ചടങ്ങില്‍ സര്‍ക്കാരുമായി സഹകരിക്കാത്തതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. അതിനിടെ, ആദ്യ കപ്പലെത്തിയ ഔദ്യോഗിക ചടങ്ങുകള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിഴിഞ്ഞം പോര്‍ട്ട് എംഡി സ്ഥാനത്ത് നിന്ന് അദീല അബ്ദുള്ളയെ മാറ്റി. അദീല അബ്ദുള്ളയ്ക്ക് പകരം പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോര്‍ട്ട് എംഡിയായി നിയമിച്ചു. വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പല്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് എംഡിയെ മാറ്റുന്നത്.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അദീല അബ്ദുള്ളയായിരുന്നു ലത്തീന്‍ അതിരൂപതയുമായി വിവിധ ചര്‍ച്ചകള്‍ നടത്തിയിരുന്നത് ഉദ്ഘാടനച്ചടങ്ങിന് അവരെ എത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതും അദീലയായിരുന്നു. എന്നാല്‍ ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക ക്ഷണക്കത്തില്‍ ആര്‍ച്ച് ബിഷപ്പിന്റെ പേരുണ്ടെങ്കിലും അവര്‍ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Top