അഭയാർത്ഥി പ്രശ്നം: ബെലറൂസിനെതിരെ ഉപരോധം കൂട്ടാൻ യൂറോപ്യൻ യൂണിയൻ

ബ്രസല്‍സ്: യൂറോപ്പിലേക്ക് അഭയാര്‍ഥികളെ ‘കയറ്റിവിടുന്ന’ ബെലറൂസ് ഭരണകൂടത്തിനെതിരായ സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂനിയന്‍ (ഇ.യു) കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തുന്നു. വിവാദ തെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലേറിയ ബെലറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകഷങ്കോക്കും ഭരണകൂടത്തിലെ ഉന്നതര്‍ക്കുമെതിരെ ഇ.യു ഏര്‍പ്പെടുത്തിയ ഉപരോധത്തിന് പുറമെയാണിത്.

അഭയാര്‍ഥികളെ യൂറോപ്പിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന വിമാനക്കമ്പനികള്‍, ട്രാവല്‍ ഏജന്റുമാര്‍, മറ്റു സഹായികള്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തി ഉപരോധം വിപുലമാക്കാന്‍ ബ്രസല്‍സില്‍ ഇ.യു വിദേശകാര്യ മന്ത്രിമാരുടെ യോഗം തുടരുകയാണ്. ബെലറൂസ് തലസ്ഥാനമായ മിന്‍സ്‌കില്‍ അഭയാര്‍ഥികളെ എത്തിക്കാന്‍ സഹായിക്കുന്ന മുഴുവന്‍ പേരെയും ഉപരോധ പരിധിയില്‍ കൊണ്ടുവരാനുള്ള ചര്‍ച്ചകളാണ് തുടരുന്നത്.

ഉപരോധം ശക്തമാക്കുമെന്ന് ഇ.യു കമീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലിയെന്‍ പറഞ്ഞു. രാഷ്ട്രീയാവശ്യത്തിനായി അഭയാര്‍ഥികളെ ഉപയോഗിക്കുന്നതിനെതിരെ ഇ.യു ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതാണ് തിങ്കളാഴ്ചയിലെ യോഗമെന്ന് ഇ.യു വിദേശനയ വിഭാഗം തലവന്‍ ജോസഫ് ബോറല്‍ പറഞ്ഞു. മനുഷ്യവിരുദ്ധവും നിയമവിരുദ്ധവുമായ ഈ നടപടിയെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ.യു ഉപരോധത്തിന് പ്രതികാരമായി അഭയാര്‍ഥികളെ ബെലറൂസിന്റെ പോളണ്ട് അതിര്‍ത്തി വഴി കടത്തിവിടുകയാണെന്ന് പോളണ്ട് ഉള്‍പ്പെടെ ഇ.യു അംഗരാജ്യങ്ങള്‍ ആരോപിച്ചു.

Top