ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍

പാരിസ്: കോവിഡ് പ്രതിരോധത്തിനായി ഉപയോഗിച്ചിരുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍. സുരക്ഷാകാരണങ്ങളാല്‍ ഹൈഡ്രോക്‌സിക്ലോറോക്വിനിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആഗോള ഉപയോഗം നിര്‍ത്താന്‍ ലോകാരോഗ്യ സംഘടന തിങ്കളാഴ്ച തീരുമാനമെടുത്തതിന് പിന്നാലെയാണ് യൂറോപ്യന്‍ രാജ്യങ്ങളും ഈ തീരുമാനം എടുത്തത്.

ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിച്ചുള്ള കോവിഡ് ചികിത്സയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നല്‍കി വരുന്ന പ്രചാരണത്തിന് ഈ തീരുമാനം വന്‍ തിരിച്ചടിയായേക്കും.

ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്റെ ഭാഗിക ധനസഹായത്തോടെ ഒക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില് 40,000 ആരോഗ്യപ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ച് ആരംഭിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെ ഉപയോഗ പരീക്ഷണം ഒരാഴ്ചയോടെ നിര്‍ത്തി വെച്ചതായി ബ്രിട്ടണ്‍ വ്യക്തമാക്കി. അതുപോലെ തന്നെ കോവിഡ്-19 നെതിരെ ഹൈഡ്രോക്‌സി ക്ലോറോക്വിന് ഉപയോഗിച്ചുള്ള എല്ലാ പഠനങ്ങളും നിര്‍ത്തുന്നതായി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ റെഗുലേറ്ററി ഏജന്‍സി അറിയിച്ചു.

നേരത്തെയുള്ള പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചില രോഗികളില്‍ ഫലം കണ്ടതിനെ തുടര്‍ന്ന് ഈ മരുന്ന് കോവിഡ് ചികിത്സയില്‍ ഉപയോഗപ്പെടുത്താന്‍ മിക്ക രാജ്യങ്ങളും അനുമതി നല്‍കിയിരുന്നു. എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ ഹൈഡ്രോക്‌സിക്ലോറോക്വിനിന്റെ ഉപയോഗം നിര്‍ത്തി വെക്കാനുള്ള തീരുമാനം കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന്റെ പ്രതീക്ഷയില്‍ മങ്ങലേല്‍പിക്കാനിടയുണ്ട്.

വൈറസിനെതിരെയുള്ള ചികിത്സയില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ ശേഷിയുള്ള പ്രതിരോധമരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന വാദത്തില്‍ ഉറച്ചു കൊണ്ട് മരുന്നിന്റെ ഉപയോഗത്തിന് ട്രംപ് വലിയ രീതിയില്‍ പ്രോത്സാഹനം നല്‍കി വരുന്നുണ്ട്. കൂടാതെ പ്രരിരോധമെന്ന നിലയില്‍ താന്‍ ഈ മരുന്ന് ഉപയോഗിക്കുന്നതായി ട്രംപ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇവയുടെ ഉപയോഗം ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാക്കുകയും മരണത്തിലേക്ക് നയിക്കാനിടയുണ്ടെന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top