ഏറ്റുമാനൂരില്‍ കമ്പിപ്പാര ഉപയോഗിച്ച് എടിഎം തകര്‍ത്തു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഏറ്റുമാനൂര്‍: കോട്ടയം ഏറ്റുമാനൂര്‍ പേരൂര്‍ പുളിമൂട് ജംഗ്ഷനിലെ എസ്ബിഐയുടെ എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നീല ടീ ഷര്‍ട്ടും തൊപ്പിയും മാസ്‌കും ധരിച്ച് എത്തിയ യുവാവ് കമ്പി ഉപയോഗിച്ച് എടിഎം തകര്‍ക്കുന്ന ചിത്രമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. പണം നഷ്ടമായോ എന്ന കാര്യത്തില്‍ വ്യക്തയില്ല. ബാങ്ക് അധികൃതര്‍ എത്തി പരിശോധന നടത്തിയാലേ ഇത് വ്യക്തമാകൂ.

ഇന്ന് പുലര്‍ച്ചെ 2.39 ഓടെയാണ് പുളിമൂട് ജംഗ്ഷനിലെ എടിഎം ഏതാണ്ട് പൂര്‍ണായും തകര്‍ക്കപ്പെട്ടിരിക്കുന്നത്. പുലര്‍ച്ചെ ഇതുവഴിപോയ യാത്രക്കാരാണ് എടിഎം തകര്‍ത്ത് കണ്ടത്. ഉടന്‍ തന്നെ ഇവര്‍ ഏറ്റുമാനൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് എത്തി. എടിഎമ്മിന്റെ കസ്റ്റോഡിയനായ ബാങ്ക് മാനേജരും സ്ഥലത്തെത്തി പരിശോധന നടത്തും. പൊലീസിന് ലഭിച്ച അടയാളങ്ങള്‍ ഉപയോഗിച്ച് യുവാവിനെ കണ്ടെത്തുന്നതിനുളള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

Top