മനുഷ്യശരീരത്തില്‍ മൈക്രോചിപ്പ് ഘടിപ്പിക്കാനൊരുങ്ങി എത്തിസലാത്ത്

ദുബായ്: മനുഷ്യശരീരത്തില്‍ മൈക്രോചിപ്പ് ഘടിപ്പിക്കാനൊരുങ്ങി എത്തിസലാത്ത്. പത്തുമുതല്‍ 20 വര്‍ഷംവരെ മനുഷ്യശരീരത്തിലിരുന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മൈക്രോചിപ്പാണ് ഘടിപ്പിക്കുന്നത്.

ഒരാളുടെ മെഡിക്കല്‍ വിവരങ്ങള്‍, രഹസ്യകോഡുകള്‍ മുതലായ വിവരങ്ങള്‍ ചിപ്പില്‍ സൂക്ഷിക്കാന്‍ കഴിയുമെന്നാണ് എത്തിസലാത്തിന്റെ അവകാശവാദം.

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ ജൈറ്റക്സ് സാങ്കേതിക മേളയിലാണ് ഈ പുതിയ ആശയത്തെ എത്തിസലാത്ത് സന്ദര്‍ശകര്‍ക്കായി പരിചയപ്പെടുത്തിയത്. സ്വീഡിഷ് കമ്പനിയായ ബയോഹാക്സ് ഇന്റര്‍നാഷണലുമായി സഹകരിച്ചാണ് എത്തിസലാത്ത് പദ്ധതി നടപ്പാക്കുന്നത്.

ഒരാളുടെ ചൂണ്ടുവിരലിനും തള്ളവിരലിനുമിടയില്‍ തൊലിക്കടിയില്‍ അരിമണിയുടെ മാത്രം വലിപ്പമുള്ള ചിപ്പ് ഘടിപ്പിക്കാം. വാക്‌സിന്‍ എടുക്കുന്ന വേഗത്തില്‍ ചിപ്പ് തൊലിക്കടിയില്‍ കുത്തിവെക്കാമെന്ന് ബയോഹാക്‌സ് ഇന്റര്‍നാഷണലിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ ജോവാന്‍ ഓസ്റ്റര്‍ലണ്ട് പറഞ്ഞു.

ഇത്തരം ആയിരക്കണക്കിന് ചിപ്പുകള്‍ സ്വീഡനിലും യൂറോപ്പിലും നിര്‍മിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബയോ കോംപാക്റ്റിബിള്‍ എന്‍.എഫ്.സി ഇംപ്ലാന്റ് തടസ്സമില്ലാത്ത ഡിജിറ്റല്‍ ഇടപെടുകള്‍ നടത്താന്‍ സഹായിക്കും. 607 ദിര്‍ഹമാണ് ഈ മൈക്രോചിപ്പിന്റെ വില. വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം കിഴിവുണ്ട്.

Top