എത്യോപ്യയില്‍ 200 പേരെ കുഴിച്ചിട്ടിരുന്ന കൂട്ടകുഴിമാടം കണ്ടെത്തി

അഡിസ് അബാബ: വംശീയ ആക്രമണങ്ങള്‍ നിലനിന്നിരുന്ന എത്യോപ്യയിലെ ഒരോമിയസൊമാലി മേഖലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ 200 പേരെ കുഴിച്ചിട്ടിരുന്ന കൂട്ടകുഴിമാടം കണ്ടെത്തി. ഫൊറന്‍സിക് വിദഗ്ധസംഘം സ്ഥലത്ത് വിശദപരിശോധന നടത്തുകയാണെന്ന് എത്യോപ്യന്‍ പൊലീസ് അറിയിച്ചു.

സൊമാലി മേഖലയില്‍ നടന്ന വംശീയ ആക്രമണങ്ങള്‍ക്കിടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരെ കുഴിച്ചിട്ടിരുന്ന മൃതദേഹങ്ങളാകാം ഇവയെന്ന് സംശയിക്കുന്നു. വംശീയ ആക്രമണങ്ങള്‍ രൂക്ഷമായതോടെ പ്രാണരക്ഷാര്‍ഥം ആയിരക്കണക്കിന് പേര്‍ മേഖലയില്‍ നിന്ന് മറ്റിടങ്ങളിലേക്ക് ഓടിപ്പോവുകയും ചെയ്തിരുന്നു.

അതേസമയം, വംശീയ ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയെന്ന ആരോപണത്തില്‍ എത്യോപ്യയിലെ സൊമാലി മേഖലയുടെ മുന്‍ പ്രസിഡന്റ് അബ്ദി മുഹമ്മദ് ഉമറിനെതിരെ അന്വേഷണം നടക്കുകയാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും സഹായം നല്‍കിയെന്നാണ് കുറ്റം.

Top