Ethiopia denies ‘extreme’ police violence at protests

അഡിസ്അബ: അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട എതോപ്യയില്‍ പ്രതിഷേധക്കാരുമായി ബലപ്രയോഗത്തിനില്ലെന്ന് പ്രധാനമന്ത്രി ഹെയ്ല്‍മരിയം ദസേലെന്‍.

രാജ്യത്ത് സന്ദര്‍ശനം നടത്തിയ ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ചല മെര്‍ക്കലുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ദസേലെന്റെ പ്രഖ്യാപനം. പ്രശ്‌നങ്ങള്‍ സംബന്ധിച്ച് തുറന്ന ചര്‍ച്ചകള്‍ വേണമെന്നും പ്രതിഷേധങ്ങള്‍ അനുവദിക്കപ്പെടണമെന്നും ആഞ്ചല മെര്‍ക്കല്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ നവംബറില്‍ ഒറോമോ ഗോത്രവിഭാഗമാണ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. പിന്നാലെ അമാര വിഭാഗക്കാരും പ്രക്ഷോഭത്തില്‍ പങ്കാളികളായി. ഭൂമിക്കായി തുടങ്ങിയ സമരം പിന്നീട് കൂടുതല്‍ രാഷ്ട്രീയ സാമ്പത്തിക സാംസ്‌കാരികമായ അവകാശങ്ങള്‍ക്കും വേണ്ടിയായി പരിണമിച്ചു.

500 ല്‍ അധികം പേര്‍ പ്രക്ഷോഭങ്ങളുടെ ഭാഗമായി മരിച്ചെന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. എന്നാല്‍ കണക്കുകള്‍ പെരുപ്പിച്ചതാണെന്നാണ് എതോപ്യയുടെ വാദം. രാജ്യത്ത് സംഘര്‍ഷം സൃഷ്ടിക്കുന്നതില്‍ അയല്‍ രാജ്യങ്ങളായ ഈജിപ്തിനും എറിട്രിയക്കും പങ്കുണ്ടെന്നാണ് എതോപ്യയുടെ ആരോപണം.

എതോപ്യയുടെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. അടിയന്തരാവസ്ഥ ആറ് മാസമെങ്കിലും നീണ്ടുനില്‍ക്കുമെന്നാണ് വിലയിരുത്തല്‍.

Top