മഹുവ മൊയ്ത്രയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന്‌ എത്തിക്‌സ് കമ്മിറ്റി; റിപ്പോർട്ട് നാളെ സ്പീക്കർക്ക് കെെമാറും

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭാംഗം മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് അയോ​ഗ്യയാക്കാൻ ശുപാർശ. മഹുവയ്ക്കെതിരായ റിപ്പോർട്ട് നാലിനെതിരെ ആറ് വോട്ടുകൾക്ക് പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി യോ​ഗത്തിൽ പാസ്സായി. റിപ്പോർട്ട് നാളെ ലോക്സഭാ സ്പീക്കർക്ക് കെെമാറും.

പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് മഹുവയ്ക്കെതിരായ നടപടി. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്. നവംബര്‍ ഒന്നിനായിരുന്നു മഹുവ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായത്. വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന് ആരോപിച്ച് മഹുവ എത്തിക്സ് കമ്മിറ്റി സിറ്റിങ്ങില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു.

ചോദ്യക്കോഴ വിവാദം ഉന്നയിച്ച് തന്നെ രാഷ്ട്രീയമായി വേട്ടയാടാന്‍ എത്തിക്സ് കമ്മിറ്റി അമാന്യമായ ചോദ്യങ്ങള്‍ ചോദിച്ചെന്ന് മഹുവ മൊയ്ത്ര ആരോപിച്ചിരുന്നു. രാത്രി ആരെയൊക്കെയാണ് ഫോണ്‍ ചെയ്യാറുള്ളത്, ഹോട്ടലില്‍ തങ്ങുമ്പോള്‍ ആരാണ് ഒപ്പമുണ്ടാകാറുള്ളത് മുതലായ ചോദ്യങ്ങള്‍ എത്തിക്സ് കമ്മിറ്റിയില്‍ നിന്നും നേരിടേണ്ടി വന്നെന്ന് മഹുവ ആരോപിച്ചു. എത്തിക്സ് കമ്മിറ്റി ചെയര്‍മാന്‍ തന്നെ സ്വതന്ത്രമായി സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും തന്റെ മൊഴി റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിച്ചില്ലെന്നും മഹുവ പറയുന്നു.

Top