‘മുസ്ലിം ലീഗിന് മൂന്ന് ലോക്സഭാ സീറ്റ് വേണം’; ആവശ്യം യു ഡി എഫിൽ ഉന്നയിക്കുമെന്ന് ഇ ടി മുഹമ്മദ്‌ ബഷീർ

et muhammad basheer

കോഴിക്കോട്: മുസ്ലിം ലീഗിന് മൂന്ന് ലോക്സഭാ സീറ്റ് വേണമെന്ന ആവശ്യം യു ഡി എഫിൽ ഉന്നയിക്കുമെന്ന് ഇ ടി മുഹമ്മദ്‌ ബഷീർ എംപി. ലീഗിന് മൂന്നു സീറ്റിനു അർഹതയുണ്ട്. പൊന്നാനിയിൽ താൻ മത്സരിക്കണോ വേണ്ടയോ എന്നത് പാർട്ടിയാണ് തീരു മാനിക്കേണ്ടതെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് മൂന്നാം ലോക്സഭാസീറ്റ് വേണമെന്ന ആവശ്യം ചർച്ചയാക്കി ലീഗ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.

മൂന്നാം ലോക്സഭാ സീറ്റിന് മുസ്ലിം ലീഗിന് എല്ലാ അർഹതയുമുണ്ടെന്ന് മുസ്ലിം ലീ​ഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ദിവസങ്ങൾക്ക് മുമ്പ് പ്രതികരിച്ചിരുന്നു. ഇപ്പോഴുളളത് പോരാ എന്നത് ശരിയാണ്. എന്നാൽ യുഡ‍ിഎഫിൽ ആലോചിച്ചാവും അന്തിമ തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി കണ്ണൂരിൽ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സീറ്റുമായി ബന്ധപ്പെട്ടുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അതിനിടെ, ലീഗ് നേതാക്കളുടെ പരാമർശങ്ങളോട് പ്രതികരിച്ച് കെ മുരളീധരൻ എംപിയും രംഗത്തെത്തിയിരുന്നു.

മുസ്ലിം ലീഗ് ലോക്സഭയിലേക്ക് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ എംപി പറഞ്ഞു. മുൻപും അവർക്ക് സീറ്റ് കൊടുത്തിട്ടുണ്ട്. അതിന്റെ പേരിൽ തർക്കം ഉണ്ടാകില്ല. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുരളീധരൻ പറഞ്ഞിരുന്നു.

Top