ആഗസ്റ്റ് പകുതിയോടെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ 12000 കടക്കുമെന്ന് കണക്കുകൂട്ടല്‍

തിരുവനന്തപുരം: ആഗസ്റ്റ് പകുതിയോടെ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 12,000 കടക്കുമെന്നാണ് കണക്കുകൂട്ടല്‍. രോഗമുക്തി നിരക്ക് 51.78 ശതമാനമാണ്. ഈ മാസം അവസാനത്തോടെ പ്രതിദിനം 170 കേസുകള്‍ വരെയുണ്ടാകുമെന്ന് കണക്കാക്കിയിടത്ത് ഇപ്പോള്‍ത്തന്നെ 192 വരെയായി.

നേരിയ രോഗലക്ഷണം മാത്രമുള്ളവരെ പ്രവേശിപ്പിക്കാന്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സംസ്ഥാനത്തുടനീളം സജ്ജമാക്കാന്‍ ഒരുക്കം തുടങ്ങിയിട്ടുണ്ട്. രോഗത്തിന്റെ തോതനുസരിച്ച് രോഗികളെ തരംതിരിച്ചുള്ള ചികിത്സാ സമീപനമാകും ഉണ്ടാവുക. ഇതില്‍ നിന്നും പരിധി വിട്ടാലാകും ലക്ഷണമില്ലാത്ത, ഗുരുതരമാകാത്ത രോഗികളെ വീട്ടില്‍ത്തന്നെ ഇരുത്തി ചികിത്സ നല്‍കുന്ന രീതിയിലേക്ക് മാറുക.

അതേസമയം, പ്രതിദിനം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി 100 കടക്കുമ്പോഴും നിലവിലുള്ള മാനദണ്ഡത്തില്‍ ഉടന്‍ മാറ്റം ആവശ്യമില്ലെന്ന നിലപാടെടുത്ത് സര്‍ക്കാര്‍. കേസുകള്‍ കൂടുമ്പോഴും സമ്പക്കത്തിലൂടെയുള്ള രോഗവ്യാപനം പിടിച്ചുനിര്‍ത്താനാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. സമ്പര്‍ക്ക രോഗവ്യാപനം 5 ശതമാനത്തിന് താഴെ നിര്‍ത്താനായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.

എങ്കിലും കേരളത്തിലേക്ക് ആളുകള്‍ മടങ്ങിയെത്താന്‍ തുടങ്ങിയത് മുതല്‍ ഇതുവരെ രോഗം ബാധിച്ചവരില്‍ സമ്പര്‍ക്കം 9 ശതമാനത്തിനടുത്താണ്. മടങ്ങിയെത്തിയ 3572ല്‍ നിന്ന് 312 പേരിലേക്കാണ് രോഗം പകര്‍ന്നത്. അതിന് മുന്‍പാകട്ടെ സമ്പര്‍ക്കത്തിലൂടെയുള്ള രോഗത്തിന്റെ തോത് 33 ശതമാനമായിരുന്നു. പ്രാദേശിക വ്യാപനം പിടിച്ചു നിര്‍ത്താനാവുന്നതിനാലാണ് പ്രോട്ടോക്കോള്‍ മാറ്റം നിലവില്‍ ആവശ്യമില്ലെന്ന നിലപാട്.

വ്യാപനം തടയാന്‍ തിരുവനന്തപുരത്തും തൃശൂരും നടപ്പാക്കിയ നിലവിലെ കണ്ടെയിന്മെന്റ് സോണ്‍ മാതൃക തുടരും. ക്ലസ്റ്ററുകള്‍ രൂപപ്പെടാതിരിക്കാന്‍ ഊന്നല്‍. ഇതില്‍ പാളിച്ചയുണ്ടായാലാകും മറ്റ് നടപടികളിലേക്ക് പോവുക. അതേസമയം സമൂഹവ്യാപന ആശങ്കയിലുള്ള തിരുവനന്തപുരത്തെ ചിത്രം വ്യക്തമാകാന്‍ ഇനിയും സമയമെടുക്കും. എന്നാല്‍ രോഗികളുടെ എണ്ണത്തിലെ പെട്ടെന്നുള്ള വര്‍ധന ആശങ്കയുണ്ടാക്കുന്നതാണ്.

Top