Estate issue; court order against Nilambur MLA

മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടം പാട്ടക്കരിമ്പിലെ 200 ഏക്കറോളം വരുന്ന റീഗള്‍ എസ്റ്റേറ്റ് പി.വി. അന്‍വര്‍ എം.എല്‍.എയും സംഘവും ഭീഷണിപ്പെടുത്തി തട്ടിയെടുക്കുന്നതായുളള ഹര്‍ജിയില്‍ എം.എല്‍.എയും സംഘവും എസ്റ്റേറ്റില്‍ പ്രവേശിക്കുന്നത് മഞ്ചേരി മുന്‍സിഫ് കോടതി തടഞ്ഞു.

പി.വി. അന്‍വര്‍ എം.എല്‍.എ, സഹായികളായ ഫൈസല്‍, സിദ്ദിഖ് എന്നിവരും എസ്റ്റേറ്റില്‍ പ്രവേശിക്കുന്നതും ഗെയിറ്റും വസ്തുവകകളും നശിപ്പിക്കുകയോ വസ്തു കൈവശപ്പെടുത്തുകയോ ചെയ്യുന്നത് തടഞ്ഞുമാണ് കോടതി ഇടക്കാല ഉത്തരവിട്ടത്. കോടതി നിയോഗിച്ച കമ്മീഷന്‍ കഴിഞ്ഞ ദിവസം എസ്‌റ്റേറ്റിലെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.

കൊല്ലം ചന്തനത്തോപ്പ് കൊറ്റംകര മുരുകേഷ് നരേന്ദ്രന്റെ ഹര്‍ജിയിലാണ് കോടതി നടപടി. എസ്‌റ്റേറ്റില്‍ കേസില്‍ കിടക്കുന്ന 20 ഏക്കര്‍ എം.എല്‍.എ വാങ്ങിയിട്ടുണ്ടെന്നു പറഞ്ഞ് എം.എല്‍.എയുടെ സഹായികളായ ഫൈസല്‍, സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം പേര്‍ റീഗള്‍ എസ്റ്റേറ്റില്‍ അതിക്രമിച്ചുകയറി ഓഫീസ് കൈവശപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.

പി.വി അന്‍വര്‍ എം.എല്‍.എ എസ്റ്റേറ്റ് മാനേജര്‍ അനീഷിനെ മൊബൈല്‍ഫോണില്‍ വിളിച്ച് താന്‍ സ്ഥലം എം.എല്‍.എയാണെന്നും സ്ഥലം വാങ്ങിയതായും തന്റെ ആള്‍ക്കാര്‍ വരുമ്പോള്‍ സഹകരിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്നും അനുഭവിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും മുരുകേഷ് മലപ്പുറം എസ്.പിക്കു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എം.എല്‍.എയുടെ ആളുകളാണെന്നു പറഞ്ഞ് അതിക്രമിച്ചെത്തിയ സംഘം ജോലിക്കാരെ ഭീഷണിപ്പെടുത്തി ടാപ്പിംഗ് തൊഴിലാളികളെ കൊണ്ട് റബ്ബര്‍ വെട്ടിക്കുകയും ചെയ്തുവത്രെ.

200 ഏക്കറോളം വരുന്ന എസ്‌റ്റേറ്റില്‍ 1.98 ഏക്കര്‍ മുരുകേഷിന്റെയും 99 എക്കര്‍ മുരുകേഷിന്റെയും ഭാര്യ ജയയുടെയും ഭാര്യാപിതാവ് ശ്രീധരന്റെയും കുടുംബത്തിന്റെയും പേരിലാണ്. ശ്രീധരന്റെ മരണപ്പെട്ട സഹോദരന്‍ പ്രഭാകരന്റെ അവകാശിയുടെ 20 ഏക്കര്‍ ഭൂമി വാങ്ങി എന്നു പറഞ്ഞാണ് എം.എല്‍.എയും സംഘവും 200 ഏക്കര്‍ എസ്റ്റേറ്റും പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്നാണ് പരാതി. ഇന്നലെ സംഘം എസ്റ്റേറ്റില്‍ അതിക്രമിച്ചു കയറി രണ്ടു ലോഡ് കരിങ്കല്ലുകളും വേലികെട്ടുന്നതിനുള്ള കോണ്‍ക്രീറ്റ് കാലുകളും ഇറക്കിയിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ളവര്‍ക്ക് ഇത് സംബന്ധമായ പരാതി മുരുകേഷ് നല്‍കിയിട്ടുണ്ട്.

Top