establishment of solar panels corruption ;plea against Jacob Thomas

jacob thomas

മുവാറ്റുപുഴ: സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതില്‍ അഴിമതി നടത്തിയെന്ന് ആരോപിച്ച് ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കോടതിയില്‍ വീണ്ടും ഹര്‍ജി.

തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന കാലത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതില്‍ 4 കോടിയോളം രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.

ജേക്കബ് തോമസിനെ കൂടാതെ തുറമുഖ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെല്‍ട്രോണ്‍ മനേജിംഗ് ഡയറക്ടര്‍, സിഡ്‌കോ എന്നിങ്ങനെ 6 പേര്‍ക്കെതിരെയും ആരോപണമുണ്ട്.

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരുന്ന കാലത്ത് വിഴിഞ്ഞം, വലിയതുറ, അഴീക്കല്‍, ബേപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടിരുന്നു.

ഒരു കോടി അറുപത്തി നാല് ലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കേണ്ട പദ്ധതി, അഞ്ച് കോടി അറുപത്തിനാല് ലക്ഷം രൂപ മുതല്‍ മുടക്കിയാണ് നടപ്പാക്കിയത്. ഇതിലൂടെ നാല് കോടി രൂപയുടെ സാമ്പത്തിക നഷ്ടം സംസ്ഥാന സര്‍ക്കാരിന് ഉണ്ടായെന്നാണ് പ്രധാന ആരോപണം.

കൊച്ചി സ്വദേശിയായ ഗിരീഷ് ബാബു നല്കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. ഹരജിയോടൊപ്പം ധനകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടും ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചു്. കോടതി ഈ മാസം 7ാം തിയതി കേസില്‍ ത്വരിതാന്വേഷണം വേണമോ എന്ന കാര്യത്തില്‍ വിധി പറയും.

Top