Espionage case: Pizza, burger, coffee were code words used by Farhat used on phone

ന്യൂഡല്‍ഹി: രാജ്യത്തെ തന്ത്രപ്രധാനമായ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഫര്‍ഹതും കൂട്ടരും ഉപയോഗിച്ചിരുന്നത് കോഡ് ഭാഷകള്‍.

പാര്‍ലമെന്റ് രേഖകള്‍, കമ്മിറ്റി റിപ്പോര്‍ട്ടുകള്‍, എം.പിമാരില്‍ നിന്നുള്ള വിവരങ്ങള്‍ തുടങ്ങിയവയായിരുന്നു ഫര്‍ഹത് ചോര്‍ത്തിയിരുന്നത്.

രേഖകളുടെ പ്രാധാന്യം അനുസരിച്ച് 10,000 രൂപ മുതല്‍ ഒരു ലക്ഷം വരെയായിരുന്നു പ്രതിഫലം ലഭിച്ചിരുന്നത്.

വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന കാര്യം പുറത്തറിയാതിരിക്കാന്‍ കോഡ് ഭാഷകളാണ് അവര്‍ ഉപയോഗിച്ചിരുന്നത്. ഈറ്റിംഗ് പിസ, ഹാവിംഗ് എ ബര്‍ഗര്‍ എന്നിവ അതില്‍ ചിലത് മാത്രം.

ഈറ്റിംഗ് പിസ എന്നു പറഞ്ഞാല്‍ അന്‍സല്‍ പ്‌ളാസയില്‍ ഒന്നിക്കാമെന്നാണ് അര്‍ത്ഥമാക്കിയിരുന്നത്.ഡല്‍ഹിയിലെ പീതംപുര മാളില്‍ കാണാം എന്നതാണ് ഹാവിംഗ് എ ബര്‍ഗര്‍ എന്നതു കൊണ്ട് അര്‍ത്ഥമാക്കിയിരുന്നതെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഫര്‍ഹത് വെളിപ്പെടുത്തി.

തിരക്കേറിയ സ്ഥലങ്ങളില്‍ വച്ചായിരുന്നു രേഖകള്‍ കൈമാറുകയും പ്രതിഫലം സ്വീകരിക്കുകയും ചെയ്തിരുന്നത്. മെട്രോ സ്‌റ്റേഷനുകളില്‍ വച്ചും രേഖകള്‍ കൈമാറിയിരുന്നു.

സ്‌റ്റേഷനുകളിലെ ഗോവണിക്ക് സമീപം ആരും കാണാതെ രേഖകള്‍ ഉപേക്ഷിക്കും. അല്‍പ സമയത്തിനു ശേഷം ഇവരുടെ കണ്ണികളിലാരെങ്കിലും വന്ന് ആ പേപ്പറുകള്‍ എടുത്തു കൊണ്ടു പോവുകയായിരുന്നു പതിവ്.

പാക് ഉദ്യോഗസ്ഥന്‍ മെഹമൂദ് അക്തറും അയാളുടെ ഇന്ത്യാക്കാരനായ സഹായി ഷോയിബും, തങ്ങള്‍ പെന്‍ ഡ്രൈവിന്റെ സഹായത്തോടെ സര്‍ക്കാരിന്റെ കബ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതായി വെളിപ്പെടുത്തിയിട്ടുണ്ട്.

2008ല്‍ കാറപകടത്തില്‍ മരിച്ച പാര്‍ലമെന്റ് അംഗം മുനവര്‍ ഹസന്റെ സഹായി ആയിരിക്കുമ്പോഴും പല രേഖകളും കടത്തിയതായും ഫര്‍ഹത് സമ്മതിച്ചിട്ടുണ്ട്.

1998 മുതല്‍ പാകിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്തു വരികയായിരുന്നു ഫര്‍ഹത്.

Top