തന്നെ ഭക്ഷണത്തില്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചു; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍

ബംഗളൂരു:മൂന്നു വര്‍ഷം മുമ്പ് കൊടുംവിഷം നല്‍കി തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍. 2017 മേയ് 23ന് ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് വച്ച് അഭിമുഖത്തിനിടെ മാരകമായ ആഴ്സെനിക് ട്രൈഓക്സൈഡ് കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞനായ തപന്‍ മിശ്ര വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, മിശ്രയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ഐഎസ്ആര്‍ഒ പ്രതികരിച്ചിട്ടില്ല.

കൊല്ലാന്‍ പാകത്തിലുള്ള ഡോസ് വിഷം ദോശയ്ക്കൊപ്പമുള്ള ചട്നിയിലാണ് കലര്‍ത്തിയിരുന്നതെന്നും മിശ്ര വിശദീകരിച്ചു. ഐഎസ്ആര്‍ഒയില്‍ സീനിയര്‍ അഡ്വൈസര്‍ ആയ മിശ്ര ഈ മാസം അവസാനം വിരമിക്കും. ഐഎസ്ആര്‍ഒയുടെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പെയ്സ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടറായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

‘ഏറെ നാള്‍ കാത്ത രഹസ്യം’ എന്ന തലക്കെട്ടോടെയാണ് സമൂഹമാധ്യമത്തില്‍ മിശ്ര വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 2017 ജൂലൈയില്‍ ആഭ്യന്തരമന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് തന്നെ കണ്ട് ആഴ്സെനിക് വിഷപ്രയോഗത്തെക്കുറിച്ചു അറിയിപ്പ് നല്‍കിയതെന്നും ഇത് കൃത്യമായ ചികിത്സ ലഭ്യമാക്കാന്‍ സഹായകരമായെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിനു ശേഷം തനിക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ത്വക് രോഗങ്ങള്‍, ഫംഗല്‍ അണുബാധ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മിശ്ര വ്യക്തമാക്കി. ഡല്‍ഹി എയിംസിലെ പരിശോധനയില്‍ ആഴ്സെനിക് വിഷപ്രയോഗം കണ്ടെത്തിയെന്നു തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും മിശ്ര പോസ്റ്റ് ചെയ്തിട്ടുണ്ട്.

Top