ഇ.എസ്.ഐയില്‍ അംഗമായവര്‍ക്ക് ജോലി പോയാല്‍ മൂന്ന് മാസം അലവന്‍സ്

ന്യൂഡല്‍ഹി: ഇ.എസ്.ഐയില്‍ അംഗമായ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായാല്‍ അലവന്‍സ് നല്‍കാന്‍ കോര്‍പ്പറേറ്റ് ബോര്‍ഡ് യോഗം തീരുമാനിച്ചു. മൂന്ന് മാസത്തേക്കായിരിക്കും തൊഴില്‍ രഹിത അലവന്‍സ് ലഭിക്കുക.

ഇ.എസ്.ഐയില്‍ ആറുമാസം പൂര്‍ത്തിയാക്കിയ തൊഴിലാളിക്കും ഇനി മുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് അര്‍ഹതയുണ്ടാകും.

ഒരു സ്ഥാപനത്തില്‍ കുറഞ്ഞത് രണ്ടു വര്‍ഷം ജോലി ചെയ്ത ശേഷം തൊഴില്‍ രഹിതനാകുന്ന അംഗത്തിനാണ് അലവന്‍സ് ലഭിക്കുക. അവസാനത്തെ ആറുമാസം ലഭിച്ച ശമ്പളത്തിന്റെ 25 ശതമാനം മൂന്നുമാസം അലവന്‍സായി നല്‍കും. കേന്ദ്ര പദ്ധതിയായ അടല്‍ ബീമാ വ്യക്തി കല്യാണ്‍ യോജന പ്രകാരമാണ് ആനുകൂല്യം നല്‍കുക.

നിലവില്‍ ഇ.എസ്.ഐ രജിസ്‌ട്രേഷന് ശേഷം തൊഴിലാളിക്കും ആശ്രിതര്‍ക്കും സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സ ലഭിക്കാന്‍ രണ്ടു വര്‍ഷം കഴിയണം. ഇനി മുതല്‍ തൊഴിലാളിക്ക് ആറു മാസത്തെ തൊഴില്‍ പരിചയവും 78 ശതമാനം ഹാജരും മതി. ആശ്രിതര്‍ക്ക് ആനുകൂല്യം കിട്ടണമെങ്കില്‍ ഒരു വര്‍ഷവും 156 ഹാജരുമാണ് വേണ്ടത്. ഇ.എസ്.ഐ അംഗങ്ങളുടെ മരണാനന്തര ചടങ്ങിന്റെ ചെലവിനുള്ള തുക 15,000 രൂപയായി ഉയര്‍ത്തി.

Top