ക്വാറന്റൈനില്‍ കഴിയവേ ചട്ടം ലംഘിച്ച് മുങ്ങി സബ്കലക്ടര്‍; കേസെടുത്ത് സര്‍ക്കാര്‍

കൊല്ലം: ക്വാറന്റൈനില്‍ കഴിയവേ ആരോഗ്യവകുപ്പിന്റെ ചട്ടം ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്ടര്‍ക്കെതിരെ നടപടിയെടുത്തു. കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രക്കെതിരെയാണ് ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങിയതിന് കേസെടുത്തത്. കഴിഞ്ഞ 18നാണ് ഇദ്ദേഹം വിദേശയാത്ര കഴിഞ്ഞെത്തിയത്. വിവാഹവുമായി ബന്ധപ്പെട്ടാണ് അവധിയിലായിരുന്ന സബ് കലക്ടര്‍ വിദേശയാത്ര നടത്തിയത്. ഇത് മനസ്സിലാക്കിയ കലക്ടര്‍ ബി. അബ്ദുള്‍നാസര്‍ അദ്ദേഹത്തോടും ഗണ്‍മാനോടും ഡ്രൈവറോടും ഗൃഹനിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയായിരുന്നു.

നിരീക്ഷണത്തില്‍ കഴിഞ്ഞവരുടെ വിവരങ്ങള്‍ തിരക്കവെ ആരോഗ്യപ്രവര്‍ത്തകരാണ് സബ് കലക്ടര്‍ സ്ഥലത്തില്ലെന്ന വിവരം കലക്ടറെ ബോധ്യപ്പെടുത്തിയത്. ഇദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ ബംഗളൂരുവിലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് കലക്ടര്‍ പറഞ്ഞു. എന്നാല്‍ ഇദ്ദേഹത്തിന്റെ ടവര്‍ ലൊക്കേഷന്‍ കാണ്‍പൂരിലാണ്. പോകുന്ന വിവരവും മറ്റും മേലുദ്യോഗസ്ഥനായ തന്നെ അറിയിച്ചിട്ടില്ലെന്നത് ഗൗരവമായി കാണുമെന്ന് കലക്ടര്‍ അറിയിച്ചിരുന്നു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഗണ്‍മാനും ഡ്രൈവറും ഗൃഹനിരീക്ഷണത്തില്‍ കഴിയുകയാണ്.

Top