ബഹിരാകാശത്തെ മാലിന്യങ്ങളെ നശിപ്പിക്കാന്‍ റോബോട്ടിക് സൂയിസൈഡ് മിഷന്‍

ഹിരാകാശത്തെ മനുഷ്യ നിര്‍മിത മാലിന്യങ്ങളെ നശിപ്പിക്കാനൊരുങ്ങുകയാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. സ്വിസ് സ്റ്റാര്‍ട്ട് അപ്പായ ക്ലിയര്‍സ്പേസും ബ്രിട്ടിഷ് കമ്പനിയായ എലെക്നോര്‍ ഡീമോസും ചേര്‍ന്നാണ് ബഹിരാകാശത്തെ നിയന്ത്രണം നഷ്ടപ്പെട്ട സാറ്റലൈറ്റുകളെ നശിപ്പിക്കാന്‍ കഴിയുന്ന ആദ്യ സാറ്റലൈറ്റ് എന്ന ആശയം യാഥാര്‍ഥ്യമാക്കുക. 2025ല്‍ വിക്ഷേപിക്കുന്ന ഈ റോബോട്ടിക് സൂയിസൈഡ് മിഷന് 100 ദശലക്ഷം പൗണ്ട് (ഏകദേശം 985 കോടി രൂപ) ചിലവാകുമെന്നാണ് സൂചന.

ഉപയോഗ ശൂന്യമായ സാറ്റലൈറ്റുകള്‍, സാറ്റലൈറ്റുകളുടെ ഭാഗമായിരുന്ന ക്യാമറകള്‍, ബഹിരാകാശ സഞ്ചാരികളുടെ കൈയ്യില്‍ നിന്നും വീണുപോയ സ്പൂണ്‍ എന്നിങ്ങനെ പലരൂപത്തിലുള്ള ബഹിരാകാശ മാലിന്യമായി ഭൂമിക്ക് ചുറ്റും കറങ്ങുന്നുണ്ട്. അത്ര വലുപ്പമില്ലെങ്കില്‍ പോലും മണിക്കൂറില്‍ 27,000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന ഇവ സാറ്റലൈറ്റുകളിലും മറ്റും വന്നിടിച്ചാല്‍ അവയുടെ പ്രവര്‍ത്തനം താറുമാറാവും. അതിനാല്‍ ഇവയെയൊക്കെ പിടികൂടി ഭൂമിയിലെ അന്തരീക്ഷത്തിലേക്ക് ഇറക്കി സുരക്ഷിതമായി നശിപ്പിക്കുകയാണ് സാറ്റലൈറ്റ് ചെയ്യുക.

മാലിന്യങ്ങള്‍ ശേഖരിച്ച ശേഷം ഭൂമിയിലെ അന്തരീക്ഷത്തിലെത്തി സ്വയം നശിക്കുന്ന ഈ റോബോട്ടിക് സൂയിസൈഡ് മിഷന്‍ /റോബോട്ടിക് ആത്മഹത്യാ ദൗത്യം എന്ന സാറ്റലൈറ്റ് ‘ദ ക്ലോ’ എന്നും വിളിക്കപ്പെടുന്നു. പവര്‍ ജനറേറ്ററുകളും ട്രസ്റ്ററുകളും ആന്റിനകളും ഉപയോഗിച്ചാണ് സാറ്റലൈറ്റ് മാലിന്യങ്ങളെ പിടിച്ചെടുക്കുക. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയില്‍ അംഗങ്ങളായ എട്ട് രാജ്യങ്ങളാണ് ഈ പദ്ധതിക്ക് വേണ്ട ചെലവ് സ്വരൂപിക്കുന്നത്.

എയറോസ്പേസും പ്രതിരോധ കമ്പനിയായ എല്‍ക്നോര്‍ ഡീമോസും ചേര്‍ന്നാണ് ക്ലിയര്‍ സ്പേസ് 1ന്റെ ആറ്റിറ്റിയൂഡ് ആന്‍ഡ് ഓര്‍ബിറ്റ് കണ്‍ട്രോള്‍ സിസ്റ്റം (എഒസിഎസ്) നിര്‍മിക്കുക. പതിനായിരത്തിലേറെ സാറ്റലൈറ്റുകളാണ് ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും കാലാവധി കഴിയുകയോ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്തവയാണ്. ഇതുവഴി മനുഷ്യ നിര്‍മിതമായ 16 കോടി വസ്തുക്കളാണ് ഇപ്പോള്‍ ഭൂമിക്ക് ചുറ്റും കറങ്ങുന്നതെന്നാണ് കരുതപ്പെടുന്നത്. ഇതില്‍ 22,000 ബഹിരാകാശ മാലിന്യങ്ങളെ മാത്രമേ ഇതുവരെ നമുക്ക് തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ. ബഹിരാകാശ മാലിന്യങ്ങള്‍ നശിപ്പിക്കുന്നതില്‍ പല മാര്‍ഗങ്ങളും പ്രായോഗികമല്ലെന്നതാണ് വസ്തുത.

Top