ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളല്‍ ഇന്ന്

ശബരിമല : ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചക്ക് ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. ചെറിയമ്പലത്തിന് മുകളില്‍ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്റ പേട്ട തുള്ളല്‍ തുടങ്ങുന്നത്.

എരുമേലി ചെറിയമ്പലത്തില്‍ നിന്നാണ് പേട്ടതുള്ളല്‍ തുടങ്ങുന്നത്. എതിര്‍വശത്തെ വാവര് പള്ളിയില്‍ വലം വച്ച് പേട്ടതുള്ളല്‍ വലിയമ്പലത്തില്‍ എത്തുന്നതോടെ ചടങ്ങുകള്‍ സമാപിക്കും.

സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായരുടെ നേതൃത്വത്തില്‍ ചെറിയമ്പലത്തില്‍ നിന്ന് വാവര്‍ പള്ളിയിലേക്ക് പ്രവേശിക്കുന്ന സംഘത്തെ ജമാത്ത് ഭാരവാഹികള്‍ സ്വീകരിക്കും.

പേട്ട തുള്ളലിന് മുന്നോടിയായി ഇന്നലെ ചന്ദനകുടവും നടന്നിരുന്നു. സ്ത്രീപ്രവേശന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഇത്തവണ എരുമേലിയില്‍ ഒരുക്കിയിരിക്കുന്നത്.

Top