ബിഎസ് ആറ് നിലവാരത്തോടെ എര്‍ട്ടിഗ; വില 7.54 ലക്ഷം

ലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ് (ബി.എസ് ആറ്) നിലവാരമുള്ള എര്‍ട്ടിഗയുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. വിവിധോദ്ദേശ്യ വാഹന (എംപിവി)മായ എര്‍ട്ടിഗയുടെ ബി.എസ് ആറ് പെട്രോള്‍ പതിപ്പിന് 7.54 ലക്ഷം രൂപയാണു ഷോറൂം വില. ബി.എസ് നാല് നിലവാരമുള്ള പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച എര്‍ട്ടിഗയെ അപേക്ഷിച്ച് 10,000 രൂപ അധികമാണിത്.

രാജ്യത്ത് ഭാരത് സ്റ്റേജ് ആറ് നിലവാരം പ്രാബല്യത്തിലെത്താന്‍ ഏഴു മാസത്തോളം ബാക്കി നില്‍ക്കെയാണു മാരുതി സുസുക്കി പുത്തന്‍ എര്‍ട്ടിഗ പുറത്തിറക്കുന്നത്. ഇതോടെ എര്‍ട്ടിഗയടക്കം ആറു മോഡലുകളില്‍ കമ്പനി ബി.എസ് ആറ് നിലവാരമുള്ള പെട്രോള്‍ എന്‍ജിന്‍ ലഭ്യമാക്കി. ഓള്‍ട്ടോ, വാഗന്‍ആര്‍, സ്വിഫ്റ്റ്, ബലേനൊ, ഡിസയര്‍ എന്നിവയിലാണു കമ്പനി നേരത്തെ ബി.എസ് ആറ് എന്‍ജിന്‍ ഘടിപ്പിച്ചത്. നോണ്‍ മീതേന്‍ ഹൈഡ്രോ കാര്‍ബണ്‍സ് (എന്‍.എം.എച്ച്‌.സി) എമിഷന്‍ വിഭാഗത്തിലെ കര്‍ശന നിലവാരം കൈവരിക്കാന്‍ കമ്പനിയുടെ ബി.എസ് ആറ് ശ്രേണിക്കു കഴിയുമെന്നാണു മാരുതി സുസുക്കിയുടെ അവകാശവാദം.

ബി.എസ് ആറ് നിലവാരമുള്ള എന്‍ജിനില്‍ ബി.എസ് നാല് നിലവാരമുള്ള പെട്രോളും ഉപയോഗിക്കാമെന്നും കമ്പനി വ്യക്തമാക്കുന്നു. ബി.എസ് നാല് ഇന്ധനത്തിലെ പ്രവര്‍ത്തന മികവ് ഉറപ്പാക്കാനുള്ള പരീക്ഷണങ്ങള്‍ കൂടി നടത്തിയശേഷമാണു വാഹനങ്ങള്‍ അവതരിപ്പിച്ചതെന്നും മാരുതി സുസുക്കി വിശദീകരിച്ചു. കുറഞ്ഞ നിലവാരത്തിലുള്ള ഇന്ധനം ഉപയോഗിച്ചതിന്റെ പേരില്‍ എന്‍ജിന്റെ പ്രകടനത്തില്‍ മാറ്റമൊന്നും സംഭവിക്കില്ലെന്നും മാരുതി സുസുക്കി ഉറപ്പു നല്‍കുന്നു.

Top