പുത്തന്‍ എര്‍ട്ടിഗയും ഇന്ത്യയില്‍ ഹിറ്റ് ; 23,000 യൂണിറ്റിന് മേലെ ബുക്കിംഗ്

പുത്തന്‍ മാരുതി എര്‍ട്ടിഗ വിപണിയില്‍ മുന്നേറുന്നു. ഒരുമാസം കൊണ്ടു എര്‍ട്ടിഗ നേടിയത് 23,000 യൂണിറ്റിന് മേലെ ബുക്കിംഗ് കഴിഞ്ഞു. 7.44 ലക്ഷം രൂപ മുതലാണ് പുതിയ എര്‍ട്ടിഗയ്ക്ക് വിപണിയില്‍ വില. നിലവില്‍ മിക്ക ഡീലര്‍ഷിപ്പുകളിലും രണ്ടു മുതല്‍ മൂന്നാഴ്ച്ച വരെ കാത്തിരിക്കണം മാരുതി എംപിവി ബുക്ക് ചെയ്താല്‍ കിട്ടാന്‍. ബുക്കിംഗ് തുക 11,000 രൂപ.

നാലു പെട്രോള്‍ (LXi, VXi, ZXi, ZXi പ്ലസ്), നാലു ഡീസല്‍ (LDi, VDi, ZDi, ZDi പ്ലസ്) പതിപ്പുകള്‍ ഉള്‍പ്പെടെ പത്തു വകഭേദങ്ങള്‍ പുതിയ എര്‍ട്ടിഗയിലുണ്ട്. VXi AT, ZXi AT എന്നിങ്ങനെയാണ് പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പുകള്‍.

വില അടിസ്ഥാനപ്പെടുത്തിയാല്‍ മാരുതി എര്‍ട്ടിഗയ്ക്ക് മഹീന്ദ്ര മറാസോയെക്കാള്‍ 2.55 ലക്ഷം രൂപ വില കുറവാണ്. 10.90 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന എര്‍ട്ടിഗ മോഡലിന് വില. രണ്ടു എഞ്ചിന്‍ ഓപ്ഷനുകളാണ് പുത്തന്‍ എര്‍ട്ടിഗയില്‍ 1.3 ലിറ്റര്‍ ഡീസലും 1.5 ലിറ്റര്‍ പെട്രോളും.

സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്തുണ ഇരു എഞ്ചിന്‍ പതിപ്പുകളിലുമുണ്ട്. അടുത്തിടെ വിപണിയില്‍ വന്ന സിയാസ് ഫെയ്സ്ലിഫ്റ്റിലെ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് പുതിയ എര്‍ട്ടിഗയ്ക്കും. എഞ്ചിന് 104 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ ലഭ്യമാണ്. എര്‍ട്ടിയുടെ മാനുവല്‍ പെട്രോള്‍ പതിപ്പ് 19.34 കിലോമീറ്ററും ഓട്ടോമാറ്റിക് പെട്രോള്‍ പതിപ്പ് 18.69 കിലോമീറ്ററും മൈലേജ് കാഴ്ച്ചവെക്കും.

Top