കാണ്ഡഹാർ വിമാനം റാഞ്ചിയ ജെയ്ഷെ മുഹമ്മദ് ഭീകരൻ വെടിയേറ്റ് കൊല്ലപ്പെട്ടു

കറാച്ചി: കാണ്ഡഹാർ വിമാനം റാഞ്ചിയ സംഭവത്തിൽ പ്രതിയായ ഭീകരൻ വെടിയേറ്റ് മരിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകരനായ സഹൂർ മിസ്ത്രിയാണ് കൊല്ലപ്പെട്ടത്. പാകിസ്താനിലെ കറാച്ചിയിൽ മാർച്ച് ഒന്നിനായിരുന്നു സംഭവം. ഐ.എസ്.ഐയുടെ സംരക്ഷണത്തിലാണ് ഇയാൾ കഴിഞ്ഞിരുന്നത്.

ഇയാളുടെ ഉടമസ്ഥതയിലുള്ള ക്രസന്റ് ഫർണിച്ചർ എന്ന സ്ഥാപനത്തിന് സമീപമാണ് കൊലപാതകമുണ്ടായത്. മുഖം മറച്ചെത്തിയ രണ്ട് പേർ സഹൂർ മിസ്ത്രിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കാണ്ഡഹാർ വിമാന റാഞ്ചിയ സംഭവത്തിൽ പങ്കെടുത്ത അഞ്ച് പേരിൽ ഒരാളായിരുന്നു സഹൂർ മിസ്ത്രി.

പിന്നീട് ഇയാൾക്ക് വേണ്ടി വലിയ തിരച്ചിൽ നടത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. എന്നാൽ, ബിസിനസുകാരൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു എന്നാണ് പാകിസ്താൻ മാധ്യമങ്ങൾ സഹൂർ മിസ്ത്രിയുടെ കൊലപാതകത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തത്.

1999-ൽ 180 യാത്രികരുമായി നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനമാണ് തീവ്രവാദികൾ റാഞ്ചിയത്. പാകിസ്താനിലെ തീവ്രവാദി സംഘടനയായ ഹർക്കത്തുൽ മുജാഹിദ്ദീനായിരുന്നു ഇതിനു പിന്നിൽ.

വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിനു ശേഷമായിരുന്നു റാഞ്ചൽ. റാഞ്ചിയ വിമാനം ലാഹോർ, അമൃത്സർ, ദുബായ് എന്നിവിടങ്ങളിൽ ഇറക്കിയ ശേഷം കണ്ഡഹാർ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.

Top